പി.എസ്.സി പരീക്ഷ പിഴവിൽ ആശങ്കയേറെ; ഉദ്യോഗാർഥികൾ ഇനിയും പരീക്ഷയെഴുതണം
text_fieldsആലപ്പുഴ: പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതോടെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ആശങ്കയിൽ. ഇനിയും പരീക്ഷയെഴുതണമെന്നതാണ് പുതിയ പ്രതിസന്ധി. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ശനിയാഴ്ച രാവിലെയും ഉച്ചക്കുമായി നിശ്ചയിച്ച പരീക്ഷയിലാണ് ചോദ്യപ്പേപ്പര്‍ മാറിനൽകിയത്.
ഉച്ചക്ക് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നല്‍കിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ആദ്യഘട്ടപരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ പുറത്തിറങ്ങിയപ്പോഴാണ് വിവരം തിരിച്ചറിഞ്ഞത്. ഉച്ചക്ക് 12.50ന് രണ്ടാംഘട്ട പരീക്ഷയെഴുതാൻ ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് ഹാളിന് മുന്നിൽ കാത്തുനിന്നപ്പോഴാണ് പരീക്ഷ റദ്ദാക്കിയെന്ന് പി.എസ്.സി അറിയിപ്പ് എത്തുന്നത്.
‘‘മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചാണ് പരീക്ഷക്ക് തയാറെടുത്തത്. ഇനി വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന സ്ഥിതി ദയനീയമാണ്. പുതിയ തീയതി എപ്പോഴായിരിക്കും എന്നൊന്നും അറിയില്ല. ഇത്രയും നാളത്തെ അധ്വാനം വെറുതെയായെന്ന തോന്നലാണ് ഇപ്പോഴുള്ളത്’’. -പരീക്ഷയെഴുതിയ ഉദ്യോഗാർഥി എൽ. മേഘയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പരീക്ഷയെഴുതാൻ വിവിധ കേന്ദ്രങ്ങളിലെത്തിയവർ ഡ്യൂട്ടിക്ക് നിയോഗിച്ചവരുമായി തർക്കമുണ്ടായി. കോഡ് മാറി ചോദ്യപേപ്പർ പൊട്ടിച്ചതിനാൽ നടത്താനാവില്ലെന്ന മറുപടിയാണ് നൽകിയത്.
ഹാളിൽ കയറി ചോദ്യപേപ്പർ കൈപ്പറ്റിയശേഷമുള്ള ഈ അപ്രതീക്ഷിത നടപടി ആരും പ്രതീക്ഷിച്ചില്ല. പരീക്ഷ മാറ്റിവെച്ചതിലൂടെ ഏറെനാൾ കൃത്യമായി പഠിച്ച് പരീക്ഷ എഴുതാനെത്തിയ നിരവധി ഉദ്യോഗാർഥികളാണ് ദുരിതത്തിലായത്. ആസൂത്രണബോർഡ് പരീക്ഷയിലെ മൂല്യനിർണയവിവാദവും ക്രൈംബ്രാഞ്ച് അന്വേഷണവും നേരിട്ട് പ്രതിരോധത്തിലായ പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണ് ചോദ്യപേപ്പർ വിവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

