കമീഷൻ യോഗത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല -പി.എസ്.സി; രാഷ്ട്രീയബന്ധം അയോഗ്യതയല്ലെന്ന് മുൻ ചെയർമാൻ
text_fieldsതിരുവനന്തപുരം: കമീഷൻ യോഗത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി എന്ന പ്രചാരണം അവാസ്തവമാണെന്നും അസത്യ പ്രചാരങ്ങൾ ഖേദകരമാണെന്നും പി.എസ്.സി.
ഉയർന്നുവരുന്ന ആരോപണങ്ങളോടുള്ള പ്രതികരണങ്ങൾക്ക് കമീഷന് പരിമിതിയുണ്ട്. കമീഷനിൽ വിശദമായ ചർച്ചകൾക്ക് ശേഷം രൂപം കൊള്ളുന്ന ഏത് തീരുമാനവും ഏകകണ്ഠവും ഭരണഘടനയിൽ അധിഷ്ഠിതവുമാണ്.
ആയിരക്കണക്കിന് തസ്തികയിലേക്ക് നിയമന പ്രക്രിയ നടക്കുമ്പോൾ അത്യപൂർവമായി ഉണ്ടാകുന്ന പിശകുകൾ തിരുത്തുകയാണ് രീതി. ഇത്തരം പിശകുകളെ മാധ്യമങ്ങൾ പർവതീകരിക്കരുത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വിവിധ ഘട്ടങ്ങളിൽ അനുവർത്തിക്കേണ്ട രഹസ്യാത്മകത കാരണം, ഉയർന്നുവരുന്ന ആരോപണങ്ങളോടുള്ള പ്രതികരണങ്ങൾക്ക് കമീഷന് പരിമിതിയുണ്ട്.
സ്വതന്ത്രവും സുതാര്യവും കാലാകാലങ്ങളിൽ സ്വീകരിച്ചിട്ടുള്ള കീഴ്വഴക്കങ്ങളും അടിസ്ഥാനമാക്കിയാണ് കമീഷൻ പ്രവർത്തിക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അർപ്പിച്ച വിശ്വാസത്തിനും പ്രതീക്ഷകൾക്കും കോാട്ടം തട്ടാതെ കാത്തുസൂക്ഷിക്കുമെന്നും കമീഷൻ വാർത്തകുറിപ്പിൽ കൂട്ടിച്ചേർത്തു.
അതേസമയം, പി.എസ്.സി നിയമനങ്ങളിൽ രാഷ്ട്രീയബന്ധം അയോഗ്യതയല്ലെന്നും ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും ഏതെങ്കിലും രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരുമായിരിക്കുമെന്നും പി.എസ്.സി മുൻ ചെയർമാൻ എം.കെ. സക്കീർ അഭിപ്രായപ്പെട്ടു.
പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത്, മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ഓരോ വകുപ്പിലും നിയമനം നടത്താൻ ഓരോ ബോർഡ് കൊണ്ടുവരണമെന്നതാകാം വ്യാജ പ്രചാരകരുടെ ഗൂഢോദ്ദേശം. മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെ ചളിവാരിയെറിഞ്ഞ് വിശ്വാസ്യത തകർക്കുകയാണ്. ഇത് ഉദ്യോഗാർഥികളിൽ ആശങ്ക സൃഷ്ടിക്കുമെന്നും ‘ദേശാഭിമാനി’യിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
‘പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത്, മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ഓരോ വകുപ്പിലും നിയമനം നടത്താൻ ഓരോ ബോർഡ് കൊണ്ടുവരണമെന്നതാകാം വ്യാജപ്രചാരകരുടെ ഗൂഢോദ്ദേശ്യം. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിരനിയമനങ്ങൾ വെട്ടിച്ചുരുക്കി, കരാർ നിയമനങ്ങളിലേക്ക് കടന്നതിന്റെ വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ട്. അതിൽ നിന്നെല്ലാം കേരളം വേറിട്ടുനിൽക്കുന്നത് ഇവിടെ പിഎസ്സി സുതാര്യമായതിനാലാണ് എന്നത് മറക്കരുത്’ -സക്കീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

