പി.എസ്.സി ചെയർമാനെ പുറത്താക്കാനുള്ള ഗവർണറുടെ ശിപാർശ: ഗവർണറെ ന്യായീകരിച്ച് കെ. മുരളീധരൻ, 'ഭരണഘടനാ ലംഘനമെന്ന്' എ.പി. അനിൽ കുമാർ
text_fieldsആരോഗ്യ മന്ത്രി കെ. മുരളീധരൻ, റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ
തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് മുൻ കേരള ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കർ ശിപാർശ ചെയ്ത നടപടിയിൽ സംസ്ഥാന സർക്കാറിന് ഭിന്നത. ഗവർണർ സ്ഥാനം ഒഴിയുന്നതിന് മുന്നേയുള്ള ഗവർണറുടെ നടപടിയെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയപ്പോൾ റവന്യു മന്ത്രി എ.പി. അനിൽ കുമാർ പരസ്യമായി തള്ളുകയായിരുന്നു. സർക്കാറിനെ ഇരുട്ടിൽ നിർത്തി, സർക്കാറിനെ അറിയിക്കാതെ പി.എസ്.സി ചെയർമാനെയടക്കം പുറത്താക്കാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകിയ നടപടി ഭരണഘടനാ മര്യാദകൾക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി അനിൽ കുമാർ പറഞ്ഞു.
ഗവർണർ സ്ഥാനത്തിരുന്ന അർലേക്കർ ആദ്യം സർക്കാറിനെ അറിയിക്കേണ്ടിയിരുന്നു. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടിൽ ആരോപണവിധേയരായ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ഒരു തരി പോലും ന്യായീകരിക്കുന്നില്ല. എന്നാൽ, സർക്കാറിനെ ഇരുട്ടിൽ നിർത്തി, സർക്കാരിനെ അറിയിക്കാതെ പി.എസ്.സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകിയ ഗവർണറുടെ നടപടി അതീവ ഗൗരവമുള്ളതാണ്. നിലവിൽ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുമ്പ്, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഇത്തരത്തിൽ തിടുക്കപ്പെട്ട ശിപാർശ നൽകുന്നത് ഭരണഘടനാ മര്യാദകൾക്ക് നിരക്കുന്നതല്ല.
അതേസമയം, പി.എസ്‍.സിയുടെ ഭാഗത്ത് ക്രമക്കേട് വ്യക്തമാണെന്നും അതുകൊണ്ടാണ് സംസ്ഥാന സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സർക്കാർ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാട് പി.എസ്.സി സ്വീകരിച്ചു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയിലേക്ക് ഗവർണർ കടന്നത്. പി.എസ്.സി സ്വതന്ത്ര സ്ഥാപനം ആണെങ്കിലും അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. അതുകൊണ്ടാണ് സർക്കാർ ഇടപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു. അഴിമതിയുള്ള സ്ഥാപനമായി പി.എസ്.സി മാറി. എൽ.ഡി.എഫ് പറയുന്നത് രാഷ്ട്രീയമാണ്. പി.എസ്‍.സിയെ ഇത്രയും വഷളാക്കിയ കാലഘട്ടം കേരളത്തിന്റെ ചരിത്രത്തിൽ വേറെയില്ല. ഈ പി.എസ്.സി പോകണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പി.എസ്.സി അംഗങ്ങളുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ ഇനി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും കെ. മുരളീധരൻ പറഞ്ഞു.

