പി.എസ്. പ്രശാന്തിന്‍റെ കാലത്തും നടന്നത് സ്വർണക്കൊള്ള; പങ്ക് ഉറപ്പിച്ച് എസ്.ഐ.ടി
text_fieldsതിരുവനന്തപുരം: ശബരിമലയിൽ 2019ന് നടന്നതിന് സമാനമായ സ്വർണക്കൊള്ളയാണ് പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന 2025ലുമുണ്ടായതെന്ന് ഉറപ്പിച്ച് എസ്.ഐ.ടി. ശബരിമലയില്‍നിന്ന് രണ്ട് തവണയായി സ്വർണക്കവര്‍ച്ച നടന്നെന്ന് വ്യക്തമാക്കുന്നതാണ് എസ്.ഐ.ടി കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോര്‍ട്ട്. 2019ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നും കട്ടിളപ്പടിയില്‍നിന്നുമാണ് സ്വര്‍ണം അപഹരിക്കപ്പെട്ടതെങ്കില്‍ 2025ല്‍ ദ്വാരപാലകശില്‍പത്തിന്‍റെ താങ്ങുപീഠപാളികളില്‍നിന്ന് സ്വര്‍ണം അപഹരിക്കപ്പെട്ടെന്നാണ് പ്രത്യേക സംഘം വ്യക്തമാക്കുന്നത്.
തിരുവിതാംകൂർ ദേവസ്വംബോർഡ് ഭാരവാഹികളായിരുന്ന മുൻ പ്രസിഡന്‍റും 17ാം പ്രതിയുമായ പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് മുൻ അംഗവും 18-ാം പ്രതിയുമായ എ. അജികുമാര്‍ എന്നിവര്‍ മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചുവെക്കുന്നതിന് സഹായകരമായി ഉത്തരവ് ഇറക്കിയെന്ന ഗുരുതര ആരോപണമാണ് എസ്.ഐ.ടി ഉന്നയിക്കുന്നത്.
ശബരിമല ക്ഷേത്രവസ്തുക്കളിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് മുമ്പ് ഹൈകോടതിയുടെ അനുമതി തേടിയില്ലെന്നും ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുക്കുന്നതിന് മുമ്പ് നിയമാനുസരണം ചെയ്യേണ്ട കരാര്‍ വെച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 2019ൽ മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കുന്നതിനാണ് അറ്റകുറ്റപ്പണി ചെയ്യിക്കാന്‍ പി.എസ്.പ്രശാന്തും എ.അജികുമാറും ഉള്‍പ്പെടുന്ന ബോര്‍ഡ് തീരുമാനമെടുത്തതെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്.
ദ്വാരപാലക താങ്ങുപീഠപാളികളില്‍നിന്നും വീണ്ടും സ്വര്‍ണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും 12ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനര്‍ഹമായ ലാഭം ഉണ്ടാക്കി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ച ശേഷം ബെല്ലാരിയില്‍നിന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ വാങ്ങിയ മുദ്രപ്പത്രത്തില്‍ 2025 സെപ്റ്റംബര്‍ എട്ട് എന്ന തീയതി വെച്ചുണ്ടാക്കിയ കരാര്‍ വ്യാജമാണെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

