മുഷ്ടി ചുരുട്ടി ശരണം വിളി: ഖേദം പ്രകടിപ്പിച്ച് പി.എസ്. പ്രശാന്ത്
text_fieldsപി.എസ്. പ്രശാന്ത്
തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ മുഷ്ടി ചുരുട്ടി ശരണം വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനൊരു പരമ വിശ്വാസിയാണ്. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെല്ലാം കോപ്രായങ്ങൾ നടന്നു. എന്തെല്ലാംതരം മുദ്രാവാക്യങ്ങൾ വിളിച്ചു. അങ്ങനെയുള്ളവരാണ് എന്നെ കളിയാക്കുന്നത്. സ്വാമിമാർ മുഷ്ടി ചുരുട്ടി ശരണം വിളിക്കുന്നത് യൂട്യൂബിൽ ധാരാളം കാണാം’- പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം ലക്ഷ്യംകണ്ടുവെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടി പറയേണ്ട കാര്യം ഞങ്ങൾക്കില്ല. എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങി നിരവധി സാമുദായിക സംഘടനകളുടെ പൂർണ പിന്തുണ തുടക്കംമുതലേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അയ്യപ്പ സംഗമം വിജയമായത്. കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരുന്നതോടെ ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന കാര്യങ്ങള്‍ അറിയാതെയാണ്. ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ആധികാരികമായി അറിവില്ലാത്തതുകൊണ്ടായിരിക്കാം ഇങ്ങനെ പറയുന്നത്. നിരവധി ക്ഷേത്രങ്ങളാണ് ശബരിമലയെ ആശ്രയിച്ച് കഴിയുന്നത്. അതിനെയെല്ലാം തകര്‍ക്കാനുള്ള ഉദ്ദേശത്തോടെയുള്ള പ്രസ്താവനയാണ് സുരേഷ് ഗോപിയുടേതെന്നും പ്രശാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

