ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് റൂൾസിലെ പൊതുതാൽപര്യ വിരുദ്ധമായ വ്യവസ്ഥകൾ റദ്ദാക്കണം; ഹരജിയുമായി കെ.എസ്.ആർ.ടി.സി
text_fieldsകൊച്ചി: 2023 മേയ് ഒന്നിന് നിലവിൽവന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസിലെ പൊതുതാൽപര്യവിരുദ്ധമായ ചില വ്യവസ്ഥകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ കെ.എസ്.ആർ.ടി.സിയുടെ ഹരജി. ദേശസാത്കൃത റൂട്ടുകളിലും ഷെഡ്യൂൾഡ് റൂട്ടുകളിലുമടക്കം സർവിസ് നടത്താനും യാത്രക്കാരെ കയറ്റിയിറക്കാനും ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് അനുമതി നൽകുന്ന വ്യവസ്ഥകൾ മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി.
പൊതുസേവന വാഹനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് തുടങ്ങി രണ്ടു തരം പെർമിറ്റുകളാണ് മോട്ടോർ വാഹന നിയമപ്രകാരം നിലവിലുള്ളത്. വ്യത്യസ്ത നിരക്ക് യാത്രക്കാരിൽനിന്ന് ഈടാക്കി ഓരോരുത്തരുടേതും ലക്ഷ്യങ്ങളിലെത്തിക്കുന്നതാണ് സ്റ്റേജ് കാര്യേജ്. സ്ഥിരസേവനമാണ് സ്റ്റേജ് കാരിയർ വാഹനങ്ങളുടേത്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ദൂരത്തിനനുസരിച്ച് അവസാന പോയന്‍റ് വരെ നിരക്ക് നിശ്ചയിച്ചിട്ടുള്ളതാണ് ഇവ. ഒരു പോയന്‍റിൽനിന്ന് അടുത്ത പോയന്‍റിലേക്ക് നിരക്ക് മാറും. അതേസമയം, ആളുകൾ ഇടക്ക് കയറുന്നതോ ഇറങ്ങുന്നതോ യാത്രക്കാരുടെ എണ്ണമോ ദൂരമോ ബാധകമല്ലാതെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കരാർ അടിസ്ഥാനത്തിൽ യാത്രക്കാരെ എത്തിക്കുന്നവയാണ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ.
എന്നാൽ, ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ് നിലവിൽവന്നതോടെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ ടൂറിസ്റ്റ് പെർമിറ്റ് തരപ്പെടുത്തി സ്റ്റേജ് കാര്യേജ് ബസുകളെ പോലെ ഓടുന്നതായി ഹരജിയിൽ ആരോപിക്കുന്നു. ഇത്തരം ബസുകൾ സ്റ്റേജ് കാര്യേജ് പോലെ സ്ഥിരം പ്രത്യേക റൂട്ടിലൂടെ ഓടി ആളെ കയറ്റുന്നു. ദേശസാത്കൃത, ഷെഡ്യൂൾഡ് റൂട്ടുകളിലും ഇവ സർവിസ് നടത്തുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പരസ്യപ്പെടുത്തുന്നുമുണ്ട്. സർക്കാർ നിശ്ചയിക്കുന്ന നിരക്കോ അംഗീകൃത സമയക്രമമോ ഷെഡ്യൂളോ ഇല്ലാതെ സ്റ്റേജ് കാരിയറായി ഇങ്ങനെ ഓടിക്കുന്നത് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് കെ.എസ്.ആർ.ടി.സിയുടെ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

