അനധികൃത നിർമാണം പിഴയടച്ച്ക്രമവത്കരിക്കാൻ വ്യവസ്ഥ
text_fieldsഅമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളജിൽ നിർമിക്കുന്ന മലിന ജല പ്ലാന്‍റിന്‍റെ പ്രവൃത്തി പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. 2019 നവംബര്‍ ഏഴിനോ അതിനു മുമ്പോ നിര്‍മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. പിഴ ഈടാക്കിയാകും ക്രമവത്കരണം. ഇതിനാവശ്യമായ രീതിയില്‍ 1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് നിയമത്തിലെ 235 എബി(1) വകുപ്പ് എന്നിവ ഭേദഗതി ചെയ്യാൻ മന്ത്രിസഭ യോഗം അനുമതി നല്‍കി.
അംഗീകൃത നഗര വികസന പദ്ധതികള്‍ക്ക് വിരുദ്ധമായവ ക്രമവത്കരിക്കില്ല. വിജ്ഞാപിത റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കാത്തതും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിക്കുന്നതും ക്രമവത്കരിക്കില്ല. ഇവ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് ക്രമവത്കരണം സാധ്യമാകും. അനധികൃത നിർമാണങ്ങള്‍ ക്രമവത്കരിക്കാൻ കേരള മുനിസിപ്പാലിറ്റി (അനധികൃത നിർമാണങ്ങള്‍ ക്രമവത്കരിക്കല്‍) ചട്ടവും കേരള പഞ്ചായത്തീരാജ് (അനധികൃത നിർമാണങ്ങള്‍ ക്രമവത്കരിക്കല്‍) ചട്ടവും പുറപ്പെടുവിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
പല കാരണങ്ങളാല്‍ ചട്ടലംഘനം ഉണ്ടായ നിരവധി കെട്ടിടങ്ങള്‍ ക്രമവത്കരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടലെന്ന് മന്ത്രി പറഞ്ഞു. കെട്ടിട ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാക്കാനും നടപടി സഹായിക്കും. കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ 2019 നവംബർ എട്ടിനാണ് പ്രാബല്യത്തിൽ വന്നത്. അതിനാലാണ് 2019 നവംബർ ഏഴിനോ അതിനു മുമ്പോ നിർമാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത നിർമാണങ്ങൾക്ക് ആനുകൂല്യം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

