Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുദ്ധമായ പെട്രോള്‍ സാമ്പിള്‍ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാര്‍ക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

text_fields
bookmark_border
ശുദ്ധമായ പെട്രോള്‍ സാമ്പിള്‍ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാര്‍ക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോള്‍ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിനായി എണ്ണക്കമ്പനികളില്‍നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു.

എഥനോള്‍ മിശ്രിതം വാഹനങ്ങളുടെ എന്‍ജിനുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍നിന്ന് പെട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ചു.

സിവില്‍ സപ്ലൈസ് വകുപ്പ് നിശ്ചിത പ്രോട്ടോക്കോള്‍ പാലിച്ചാണു സാമ്പിളുകള്‍ ശേഖരിച്ചത്. പരിശോധനക്കായി ഇവ സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറികള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍, ശേഖരിച്ച സാമ്പിളുകളിലെ എഥനോള്‍ അളവ് കൃത്യമായി നിര്‍ണയിക്കുന്നതിനും ക്രോസ് മാച്ചിങ് നടത്തുന്നതിനും 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ അനിവാര്യമാണെന്നാണു ലബോറട്ടറി അധികൃതര്‍ അറിയിച്ചത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ എണ്ണക്കമ്പനികള്‍ക്കു മാത്രമേ ഇത്തരം സാമ്പിളുകള്‍ ലഭ്യമാക്കാന്‍ കഴിയൂ. തുടക്കത്തില്‍ സാമ്പിളുകള്‍ നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവ കൈമാറുന്നതില്‍നിന്ന് പിന്മാറുകയായിരുന്നു. ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ ലഭ്യമാക്കാന്‍ മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എണ്ണക്കമ്പനികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയോ തകര്‍ക്കുകയോ അല്ല പരിശോധനയുടെ ലക്ഷ്യം. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളില്‍ അനുവദനീയമായ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നുണ്ടോയെന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍, പരിശോധന കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ എണ്ണക്കമ്പനികളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് മന്ത്രി അനൂപ് ജേക്കബിന്റെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Provide pure petrol samples: Anoop Jacob to Centre
Next Story