പന്തീരാങ്കാവ് ടോൾപ്ലാസ പ്രതിഷേധം കനക്കുന്നു; ടോൾ പിരിവ് വൈകും
text_fieldsപന്തീരാങ്കാവ് ടോൾപ്ലാസ
പന്തീരാങ്കാവ്: സർവിസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാതെയും പന്തീരാങ്കാവിൽ ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. പുതുവർഷ ദിനത്തിൽ ടോൾ പിരിവ് തുടങ്ങുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്.
ടോൾ പ്ലാസക്ക് തൊട്ടടുത്തുപോലും റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല. മാമ്പുഴ പാലത്തിലെ പുതിയ നിർമാണ പ്രവൃത്തികളും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ടോൾ ബൂത്തിനോട് ചേർന്ന കെട്ടിടങ്ങൾക്ക് ചരിവ് ശ്രദ്ധയിൽ പെട്ടത്. ഇവിടെ കെട്ടിടങ്ങളുടെയും റോഡിന്റെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുമുണ്ട്. ഇതിനിടയിലാണ് അധികൃതർ തിരക്കിട്ട് ടോൾ പിരിവിന് നടപടിയെടുക്കുന്നത്.
ടോൾ പ്ലാസയോട് ചേർന്ന ശുചിമുറികളിൽ നിന്നുള്ള മാലിന്യം താഴെ തുറന്നിട്ട കുഴിയിലേക്കാണ് ഒഴുക്കുന്നത്. സമീപത്തെ നീർച്ചാലുകളിലൂടെ ഒഴുകി വയലുകളിലും മാമ്പുഴയിലുമെത്തുന്ന സാഹചര്യമാണ് നിലവിൽ. ടോൾ പ്ലാസക്ക് ഇരുവശത്തും തുറന്നിട്ട കുഴികളുണ്ട്. അസഹ്യമായ ദുർഗന്ധവുമുണ്ട്. ഇവിടെ യാത്രക്കാർ കൂടി ശുചിമുറി സൗകര്യമുപയോഗിക്കാൻ തുടങ്ങുന്നതോടെ പ്രദേശത്ത് രൂക്ഷ മാലിന്യ പ്രശ്നങ്ങളുണ്ടാവുമെന്ന ആശങ്കയുണ്ട്.
ടോൾപ്ലാസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാതെ പിരിവ് തുടങ്ങരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. ബുധനാഴ്ച രാവിലെ ഒമ്പതിന് ഒളവണ്ണ, പന്തീരാങ്കാവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്.
ജനുവരി ഒന്നിന് പിരിവ് തുടങ്ങുമെന്ന കാര്യം ദേശീയപാത അതോറിറ്റി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദിവസങ്ങൾക്കകംതന്നെ ടോൾപിരിവ് തുടങ്ങിയേക്കും. നേരത്തേ പിരിവ് കരാറെടുത്തിരുന്ന ആൾ പിൻവലിഞ്ഞതിനെ തുടർന്ന് പുതിയ ആൾക്ക് കരാർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

