Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്ന് ‘കണ്ണേ, കരളേ വി.എസേ’; ഇന്ന് ‘പട നയിച്ചവൻ നാട് നയിക്കട്ടെ’

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾ സങ്കീർണമായി ഡൽഹിയിൽ കേന്ദ്രീകരിക്കുന്നതിനിടെ വി.ഡി. സതീശനുവേണ്ടി അണികൾ തെരുവിൽ. തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരിലും മലപ്പുറത്തും കണ്ണൂരിലും എറണാകുളത്തുമടക്കം സംസ്ഥാന വ്യാപകമായാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. 2006ൽ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന് സി.പി.എം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതിന് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് രണ്ടുദിവസമായി കേരളത്തിൽ അരങ്ങേറുന്നത്.

അന്ന് ‘കണ്ണേ, കരളേ വി.എസേ’ എന്നായിരുന്നു മുദ്രാവാക്യമെങ്കിൽ ഇന്ന് ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നെഴുതിയ ഫ്ലക്സും ബാനറുകളും ചിത്രങ്ങളുമായാണ് പ്രകടനങ്ങൾ. ഏറെക്കുറെ ഒരേ സമയത്താണ് വിവിധ ജില്ലകളിലായി പ്രകടനങ്ങൾ അരങ്ങേറിയത്. തലസ്ഥാനത്ത് സാമൂഹിക കൂട്ടായ്മയുടെ ബാനറിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടറിയേറ്റിലേക്കായിരുന്നു മാർച്ച്. സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിച്ച കെ.സി. വേണുഗോപാലിന്‍റെ ഫ്ലക്സുകൾ പ്രവർത്തകർ കീറി. ഇതിന് പിന്നാലെ വിഴിഞ്ഞത്തും പ്രകടനമുണ്ടായി. വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയാണ് പലയിടത്തും പ്രകടനത്തിന് ആളെ കൂട്ടിയത്. കോൺഗ്രസിന്‍റെ താഴേത്തട്ടിലുള്ള പ്രവർത്തകരാണ് അധികവും.

ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങളും പരസ്യപ്രസ്താവനകളും നടത്തുന്നത് തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രകടനം നടത്തുന്നത്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ജില്ല ആസ്ഥാനമായ മലപ്പുറത്തും ചെമ്മാട്ടും പ്രകടനങ്ങൾ നടന്നു. ‘മതേതര കേരളം വി.ഡിക്കൊപ്പം’ എന്ന ബാനറുയർത്തിപ്പിടിച്ച് നൂറിലധികം പ്രവർത്തകരാണ് മലപ്പുറം കുന്നുമ്മലിൽ പ്രകടനം നടത്തിയത്. ടൗൺഹാൾ പരിസരത്തുനിന്ന് വൈകീട്ട് 4.30ഓടെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പ്രകടനത്തിൽ മലപ്പുറത്തും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. ഡി.സി.സി ഓഫിസിന് മുന്നിലും കെ.എസ്.ആർ.ടി.സിക്ക് മുന്നിലുമെല്ലാം കോൺഗ്രസ് പതാക ഉയർത്തിപ്പിടിച്ച് പ്രവർത്തകർ മുദ്രാവാക്യം വിളികളുയർത്തി. കോൺഗ്രസിന്റെ ചില പ്രാദേശിക നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. രാത്രിയോടെ ചെമ്മാട്ടും സമാന രീതിയിൽ പ്രകടനം നടന്നു.

സതീശന് പരോക്ഷ പിന്തുണയുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖർ രംഗത്തെത്തി. കെ. കരുണാകരൻ മുതൽ ഇങ്ങോട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് കീഴ്വഴക്കമെന്നും ടീം യു.ഡി.എഫ് എന്ന പ്രഖ്യാപനവുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ മിഷൻ 25 പ്രഖ്യാപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നേരിട്ട് വിജയം കണ്ടു. മിഷൻ 26 പ്രഖ്യാപിച്ച് പുതുയുഗ യാത്ര നടത്തി ടീം യു.ഡി.എഫ് എന്ന പുതിയ മുദ്രാവാക്യം ഉയർത്തി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതിന്‍റെ ഫലമാണ് നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ജനാധിപത്യപരമായി അഭിപ്രായം തേടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ തന്നെ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രവർത്തകരോടുള്ള അഭ്യർഥന. 102 സീറ്റുമായി കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. നമുക്കിത് സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലെന്ന് സതീശൻ കുറിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protesters take to the streets for V.D. Satheesan
Next Story