പ്രതിഷേധിച്ചവരെ മർദിക്കുന്നു; കോൺഗ്രസ് കോടതിയിലേക്ക്
text_fieldsകൊച്ചി: നവകേരള സദസ്സുമയി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെ മർദിക്കുന്ന സംഭവങ്ങളിൽ കോടതിയെ സമീപിക്കുമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി. മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് ഡി.വൈ.എഫ്.ഐക്ക് അഴിഞ്ഞാടാൻ അവസരം നൽകിയതെന്ന് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം ജില്ല നേതൃത്വത്തിന്‍റെ അറിവോടെയാണ് അക്രമങ്ങൾ. ക്രിമിനൽ കേസ് പ്രതികളടക്കമുള്ള ഗുണ്ടാസംഘം ട്രാവലറിലും മറ്റുമായി മുഖ്യമന്ത്രിയെ അനുഗമിക്കുകയാണ്. പെരുമ്പാവൂരിൽ സി.പി.എം നേതാവിന്‍റെ മകനും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ ആളാണ് അക്രമത്തിന് നേതൃത്വം നൽകിയത്. പ്രതിഷേധിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്ത് തരം ജനാധിപത്യമാണ്. പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണ്. ‘മുഖ്യമന്ത്രിയുടെ ജീവൻരക്ഷ സംഘം’ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുന്നുവെന്നും ഷിയാസ് ആരോപിച്ചു.
ക്രൂരമായ അക്രമങ്ങൾ മൂലം പ്രവർത്തകർക്കുണ്ടായ അമർഷത്തിന്‍റെ പ്രതിഫലനമാണ് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ഷൂ ഏറ്. എന്നാൽ ഇത്തരം സമര രീതി പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്നയാൾക്ക് ഷൂസും കരിങ്കൊടിയും കണ്ടാൽ പേടിയാണോയെന്നും ഷിയാസ് ചോദിച്ചു.
വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസ് പ്രതിയുടെ അതേ മനോനിലയാണ് മുഖ്യമന്ത്രിക്കെന്ന് റോജി ജോൺ എം.എൽ.എ പറഞ്ഞു. എസ്.എഫ്.ഐക്ക് ഗവർണറെ കരിങ്കൊടി കാണിക്കാമെങ്കിൽ മുഖ്യമന്ത്രിയെയും കരിങ്കൊടി കാണിക്കാമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. എം.എൽ.എയെ മർദിച്ചിട്ട് അപലപിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്ന് ഉമാ തോമസ് എം.എൽ.എ പറഞ്ഞു. പിണറായി വിജയന്‍റെ യഥാർഥ സ്വഭാവം പുറത്ത് വന്നതാണ് നവകേരള സദസ് കൊണ്ടുണ്ടായ ഗുണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. കെ.പി.സി.സി ഭാരവാഹികളായ ബി.എ. അബ്ദുൽ മുത്തലിബ്, ദീപ്തി മേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

