'ഇത് ഫുള്ളാ, വേറെ വണ്ടി വിളിക്ക്, ഇതെന്താ ടൂർ പാക്കേജാണോ'; മന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
text_fieldsതിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ച് സംഘർഷാവസ്ഥയിലേക്ക് കടന്നതോടെ വനിതകളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റിഡിയിലെടുക്കുകയായിരുന്നു.
പൊലീസ് വാഹനത്തിൽ കുത്തിനിറച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വനിത പ്രവർത്തകർ കയറാൻ വിസമ്മതിച്ചു. 'ഇത് ഫുള്ളാ, കയറാൻ പറ്റത്തില്ല, നിങ്ങൾ വേറെ വണ്ടി വിളിക്ക്' എന്ന് പറഞ്ഞ് നിലയുറപ്പിച്ച പ്രവർത്തകരെ അടുത്ത വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതോടെ 'ടൂർ പാക്കേജാണോ അടുത്ത വണ്ടിയിൽ കയറാൻ പറയാൻ' എന്നായിരുന്നു മറുപടി. 'നിങ്ങൾ വിളിക്കുമ്പോൾ വരാൻ, ഞാൻ ടൂർ പോകാൻ വന്നതല്ല, സമരം ചെയ്യാൻ വന്നതല്ല', എന്നതായിരുന്നു മറ്റൊരു വനിത നേതാവിന്റെ മറുപടി. ഒടുവിൽ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.
മെഡിക്കൽ കോളജിലെ പഴയ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് (56) മരിച്ചത്. രാവിലെ 10.30-നായിരുന്നു കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൂടുതൽ തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചിൽ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.
ട്രോമാ കെയറിൽ ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു ബിന്ദുവും ഭർത്താവ് വിശ്രുതനും. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാതായതായി ഭർത്താവ് പറഞ്ഞിരുന്നു. പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവ് സംശയം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി, കോഴിക്കോട് അടക്കം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

