കാടുകയറിയ നീതി തേടി ഇൗ കവാടത്തിൽ ആയിരം നാൾ...
text_fieldsകൽപറ്റ: തെൻറ ഭൂമിയുടെ രേഖകളടങ്ങിയ സഞ്ചിയും ചേര്‍ത്തുപിടിച്ച് അയാളിപ്പോഴും വയനാട് കലക്ടറേറ്റിനു മുന്നിൽ തന്നെയുണ്ട്. തോരാമഴയും കൊടുംതണുപ്പും പൊരിവെയിലും മാറിമാറിയെത്തി ‘െഎക്യദാർഢ്യം’ പ്രകടിപ്പിച്ച കാഞ്ഞിരത്തിനാൽ ജെയിംസിെൻറയും കുടുംബത്തിെൻറയും സമരം വ്യാഴാഴ്ച ആയിരം ദിനങ്ങൾ പൂർത്തിയാകും. വിലകൊടുത്തു വാങ്ങിയ ഭൂമിയുടെ അവകാശം തങ്ങൾക്കുതന്നെ കൈവരുന്ന ദിനം സ്വപ്നംകണ്ട് ടാർപായകൊണ്ടു മറച്ച സമരപ്പന്തലിൽ കഴിയുകയാണിവർ.
ജെയിംസിെൻറ ഭാര്യാപിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജും സഹോദരൻ േജാസും 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്ന് വാങ്ങിയ മാനന്തവാടി താലൂക്ക് തൊണ്ടര്‍നാട് വില്ലേജിലെ (ഇപ്പോൾ കാഞ്ഞിരങ്ങാട് വില്ലേജിൽ) സര്‍വേ നമ്പര്‍ 238/1ല്‍പെട്ട 12 ഏക്കര്‍ ഭൂമിയുടെ അവകാശത്തിനായാണ് ഇവരുടെ സമരം. 1977ൽ ഇവരുടെ ഭൂമി വനംഭൂമിയായി വനംവകുപ്പ് നോട്ടിഫൈ ചെയ്തു. ഭൂമിയുടെ അവകാശത്തിനായി ജോര്‍ജ് സര്‍ക്കാര്‍ ഓഫിസുകളും കോടതികളും കയറിയിറങ്ങിെയങ്കിലും ഫലമുണ്ടായില്ല. വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ തലചായ്ക്കാന്‍ ഭാഗ്യമില്ലാതെ ജോര്‍ജ് വാടകവീട്ടില്‍ കിടന്നാണ് മരിച്ചത്. പിന്നാലെ, ഭാര്യ ഏലിക്കുട്ടിയും വിടപറഞ്ഞു. തുടർന്നാണ് ജോർജിെൻറ മകള്‍ ട്രീസയും ഭര്‍ത്താവ് െജയിംസും രണ്ടു മക്കളും 2015ലെ സ്വാതന്ത്ര്യദിനത്തിൽ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.
ഈ കുടുംബത്തിെൻറ പക്കല്‍നിന്ന് വനംവകുപ്പ് ഭൂമി പിടിച്ചെടുത്തതില്‍ കള്ളക്കളികളുണ്ടെന്ന് സൂചിപ്പിക്കുന്ന രേഖകളുണ്ട്. റവന്യൂ വകുപ്പിെൻറയും വിജിലന്സിെൻറയും റിപ്പോര്‍ട്ടുകളും നിരവധി രേഖകളും അനുകൂലമായിരുന്നിട്ടും ഭൂമി ഇന്നും ഈ കുടുംബത്തിന് അന്യമാണ്. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം വനഭൂമിയുടെ ഭാഗമല്ലെന്ന് 2009ല്‍ കോഴിക്കോട് പൊലീസ് വിജിലന്‍സ് സൂപ്രണ്ട് ശ്രീശുകനും 2016ല്‍ മാനന്തവാടി സബ്കലക്ടര്‍ ശീറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും തയാറാക്കിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയതാണ്. ഈ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ സമർപ്പിക്കാതിരുന്നതിനാൽ ഹൈകോടതിയിലെത്തിയ ഭൂമിക്കേസില്‍ വിധി എതിരായി. ഇതിനെതിരെ മുന്‍ കേന്ദ്ര നിയമ സഹമന്ത്രി പി.സി. തോമസ് മുഖേന കാഞ്ഞിരത്തിനാല്‍ കുടുംബം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി വൈകുന്നതിനെതിരെ ബഹുജന പ്രക്ഷോഭവും ശക്തിപ്രാപിക്കുകയാണ്. ‘നീതി ലഭിക്കാൻ ഈ കുടുംബം ആത്മഹത്യ ചെയ്യണോ’ എന്ന മുദ്രാവാക്യമുയർത്തി സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞിരത്തിനാൽ ഭൂമിയിൽനിന്നുള്ള കാൽനടജാഥ വ്യാഴാഴ്ച കലക്ടറേറ്റിലെ സമരപ്പന്തലിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
