പുത്തൻകുരിശ്: കോവിഡ് സാഹചര്യത്തിൽ പള്ളികൾ പിടിച്ചെടുക്കുന്നതിൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗം. വിശ്വാസികൾ പള്ളികളിൽ ഇല്ലാത്ത സാഹചര്യം നോക്കി കോവിഡ് നിയന്ത്രണങ്ങൾ മുതലെടുത്തു കൊണ്ട് പൊലീസും അധികാരികളും യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങൾ പിടിച്ചെടുക്കുന്നുവെന്നാണ് ആക്ഷേപം. വിശ്വാസി സമൂഹത്തെ ഉപദ്രവിക്കുന്നതിന്റെയും നീതി നിഷേധത്തിന്റെയും സാഹചര്യത്തിൽ സഭയിലെ ഇടവക പള്ളികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6 മണിക്ക് സഭയുടെ എല്ലാ പള്ളികളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം സംഘടിപ്പിക്കും. ഇടവക വികാരിമാരും ഭരണ സമിതിയംഗങ്ങളും ഭക്തസംഘടനകളും പ്രതിഷേധത്തിന് നേതൃത്വം നൽകും.
പൂതൃക്ക സെൻറ് മേരീസ് പള്ളിയും ഇന്ന് രാവിലെ ജില്ല ഭരണകൂടം ഏറ്റെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ യാക്കോബായ വിഭാഗം വികാരിയുടെ നേതൃത്വത്തിൽ പ്രാർത്ഥിച്ച് താക്കോൽ പള്ളിക്കകത്ത് െവച്ച് മടങ്ങി. തുടർന്ന് പുത്തൻകുരിശ് സി.ഐയുടെ നേതൃത്വത്തിലാണ് പള്ളി ഏറ്റെടുത്തത്.
ഇതോടെ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള മുഴുവൻ പള്ളികളും യാക്കോബായ വിഭാഗത്തിന് നഷ്ടപ്പെട്ടു. ഈ പട്ടികയിൽ അവശേഷിക്കുന്നത് കോതമംഗലം മാത്രമാണ്. വിവിധ ഭദ്രാസനങ്ങളിലായി ഇതുവരെ 44 പള്ളികളാണ് യാക്കോബായ വിഭാഗത്തിന് നഷ്ടപ്പെട്ടത്. എല്ലാം അവർക്ക് മൃഗീയ ഭൂരിപക്ഷമുള്ളതുമാണ്. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയാണ് സഭക്ക് തിരിച്ചടിയായത്.
കഴിഞ്ഞദിവസം വിശ്വാസികളുടെ എതിർപ്പിനിടെയും മുളന്തുരുത്തി മാർത്തോമൻ യാക്കോബായ പള്ളിയും ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളിയും ജില്ല ഭരണകൂടം ഏറ്റെടുത്തിരുന്നു. പള്ളി പൂട്ടി താക്കോൽ ഹൈകോടതിക്ക് കൈമാറാനുള്ള ഉത്തരവിെൻറ കാലാവധി തിങ്കളാഴ്ച തീരുന്ന സാഹചര്യത്തിലായിരുന്നു നടപടി. ഓര്ത്തഡോക്സ് സഭ നല്കിയ കോടതിയലക്ഷ്യ കേസിനെ അടിസ്ഥാനമാക്കിയാണ് ജില്ല ഭരണകൂടത്തിന് കോടതിയുടെ നിർദേശം ലഭിച്ചത്. ഇരു പള്ളിയുടെയും താക്കോൽ കലക്ടറുടെ കൈവശമാണ്.
ഏറ്റെടുക്കൽ നീക്കത്തിനെതിരെ നൂറിലേറെ വിശ്വാസികൾ വെള്ളിയാഴ്ച മുതൽ മുളന്തുരുത്തി പള്ളിക്കകത്ത് ഉപവാസ പ്രാർഥന നടത്തിവരുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറുമുതൽ പൊലീസ് സ്ഥലത്ത് എത്തി. രാത്രിയോടെ കൂടുതൽ പൊലീസെത്തി പ്രാർഥനയിലൂടെ പ്രതിരോധം സൃഷ്ടിക്കുന്നവരെ ഏതു നിമിഷവും പുറത്തിറക്കി പള്ളി പൂട്ടുമെന്ന് അഭ്യൂഹം പരന്നു.
ശക്തമായ പ്രതിഷേധം യാക്കോബായ വിഭാഗം സൃഷ്ടിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ആറിന് പൊലീസ് ബലപ്രയോഗത്തിലൂടെ അവരെ പുറത്താക്കി പള്ളി പൂട്ടുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ വിശ്വാസികളെ അറസ്റ്റ് ചെയ്തു എങ്ങോട്ടു കൊണ്ടുപോകുമെന്നത് പൊലീസിനെ കുഴക്കി. പി.പി.ഇ കിറ്റ് ധരിച്ചാണ് പൊലീസ് വിശ്വാസികളെ പിടിച്ചുമാറ്റിയത്. മെത്രാന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നരനായാട്ട് നടത്തിയതായി യാക്കോബായ വിഭാഗം ആരോപിച്ചു. ഓണക്കൂർ പെരിയപ്പുറത്തെ ദേവാലയത്തിൽ പ്രതിഷേധവും ആൾക്കൂട്ടവും ഉണ്ടായിരുന്നില്ല. സ്ത്രീകൾ ഉൾപ്പെടെ പതിനഞ്ചോളം പേരാണ് പള്ളിയിൽ പ്രാർഥന നടത്തിയത്. രാവിലെ പത്തോടെ ഇവരെ പുറത്തിറക്കി പൊലീസ് പള്ളി പൂട്ടി.
മുളന്തുരുത്തി പള്ളിയിൽ പൊലീസ് പ്രവേശിക്കുന്നത് യാക്കോബായ വിശ്വാസികൾ തടയുന്നു