നിയമസഭയിലെ സംഘർഷം: നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്
text_fieldsതിരുവനന്തപുരം: കഴിഞ്ഞദിവസം നിയമസഭയിലുണ്ടായ പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഡയസില്‍ കയറാൻ ശ്രമിച്ച നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്. മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, സജീവ് ജോസഫ് എന്നിവരെയാണ് സഭ താക്കീത് ചെയ്തത്. പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്‍റെ എതിർപ്പോടെ സഭ പാസാക്കി.
സഭയിൽ പ്രതിഷേധം അരങ്ങേറുന്നത് ഇതാദ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അതിന്‍റെ പേരിൽ പ്രതിപക്ഷ എം.എൽ.എമാരെ ശിക്ഷിക്കുന്നത് അംഗീകരിക്കില്ല. പ്രതിപക്ഷത്തിന്‍റെ അവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് നടുത്തളത്തിൽ ഇറങ്ങിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയാൽ സഭ നിർത്തിവെച്ച് ചർച്ചചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കുന്നതാണ് കീഴ്വഴക്കം. സ്പീക്കര്‍ നിഷ്പക്ഷനല്ലെങ്കില്‍ ഇനിയും മുദ്രാവാക്യം വിളിക്കേണ്ടിവരുമെന്നും സതീശൻ പറഞ്ഞു.
സഭയില്‍ പ്രതിപക്ഷം അന്തസ്സ് പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ചില വിഷയങ്ങൾ രാഷ്ട്രീയമായി സഭയിൽ ഉന്നയിക്കേണ്ടിവരുമെന്നത് എല്ലാവർക്കും അറിയാം. അതിൽനിന്ന് മാറി വിഷയങ്ങളെ പ്രതിപക്ഷം വികാരപരമായാണ് സമീപിക്കുന്നത്. പരിധിവിട്ട് പെരുമാറുകയും ചെയ്യുന്നു. സ്പീക്കറെ അധിക്ഷേപിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. അടിയന്തര പ്രമേയ ചര്‍ച്ച ഒഴിവാക്കാനായിരുന്നു പ്രതിഷേധമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ആളെ അത് അവതരിപ്പിക്കാൻ വിളിക്കുക കൂടി ചെയ്യാതെ സ്പീക്കർ സഭ നിർത്തിവെച്ചെന്നും ഒളിച്ചോടിയത് പ്രതിപക്ഷമല്ലെന്നും വി.ഡി. സതീശൻ മറുപടി നൽകി. സഭ മുഴുവൻ ബഹളത്തിൽ തുടരുന്ന സാഹചര്യത്തിൽ എങ്ങനെയാണ് അടിയന്തര പ്രമേയ അവതാരകനെ വിളിക്കാൻ സാധിക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

