വിമാനം റദ്ദാക്കലും വൈകലും; കണ്ണൂരിൽ പ്രതിഷേധം, മണിക്കൂറുകൾക്ക് ശേഷം മറ്റുവിമാനങ്ങളിൽ കയറ്റിവിട്ട് പരിഹാരം
text_fieldsമട്ടന്നൂർ: ദുബൈയിലേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് സർവിസ് റദ്ദാക്കുകയും തിരുവനന്തപുരത്തേക്കുള്ള വിമാനം ആറു മണിക്കൂർ വൈകുകയും ചെയ്തതിനെത്തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദുബൈയിലേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് സർവിസാണ് റദ്ദാക്കിയത്. രാവിലെ 7.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. മുൻകൂട്ടി വിവരമറിയിച്ചില്ലെന്നാരോപിച്ചാണ് യാത്രക്കാർ പ്രതിഷേധിച്ചത്.
പുലർച്ച മുതൽ യാത്രക്കാർ വിമാനത്താവളത്തിലെത്തിയിരുന്നു. ബോർഡിങ് കഴിഞ്ഞ ശേഷമാണ് സർവിസ് വൈകുമെന്ന അറിയിപ്പ് ലഭിച്ചതെന്ന് യാത്രക്കാർ പറയുന്നു. ആദ്യം 9.30ന് പുറപ്പെടുമെന്ന് അറിയിച്ചു. പിന്നീടാണ് ഉച്ചക്ക് മാത്രമേ സർവിസുള്ളൂ എന്ന് പറഞ്ഞത്. എന്നാൽ, രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലും മെയിലിലും അറിയിപ്പ് നൽകിയെന്നാണ് എയർലൈൻ അധികൃതർ പറയുന്നത്. യാത്രക്കാരെ പിന്നീട് എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റി. ഓഫിസ് സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടവരും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഉണ്ടായിരുന്നു. 250ഓളം പേരാണ് ഇരു വിമാനത്തിലും യാത്ര ചെയ്യേണ്ടിയിരുന്നത്.
അബൂദബിയിൽനിന്ന് ഞായറാഴ്ച രാത്രി എത്തേണ്ട വിമാനം വൈകിയതിനെ തുടർന്നാണ് തിരുവനന്തപുരത്തേക്കുള്ള സർവിസ് വൈകിയത്. ഈ വിമാനം തിങ്കളാഴ്ച ഉച്ചക്ക് 12നാണ് എത്തിയത്. തുടർന്ന് 12.55ന് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തി.
മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് കണ്ണൂർ-ദുബൈ സർവിസ് റദ്ദാക്കേണ്ടിവന്നത്. യാത്രക്കാർക്ക് മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയാണ് വിമാന കമ്പനി പരിഹാരം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

