അച്ചടക്ക നടപടി റിപ്പോർട്ടു ചെയ്യാനെത്തിയ സി.പി.എം ഏരിയ സെക്രട്ടറിയെ പ്രവര്‍ത്തകര്‍ തടഞ്ഞു
text_fieldsപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്ക നടപടി റിപ്പോർട്ടു ചെയ്യാനെത്തിയ സി.പി.എം കൊല്ലങ്കോട് ഏരിയ സെക്രട്ടറിയെ പ്രവര്‍ത്തകര്‍ തടഞ്ഞു. അച്ചടക്ക നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. സി.പി.എം വിഭാഗീയതയില്‍ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറുപേരെ സസ്പെന്‍ഡ് ചെയ്ത നടപടി ഏകപക്ഷീയമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഏറെ നാളായി ഭിന്നതയുണ്ട്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമെന്ന ന്യായം നിരത്തി പ്രധാന നേതാക്കളെ വെട്ടിനിരത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് ഏരിയ സെക്രട്ടറിയെ തടഞ്ഞ പ്രവര്‍ത്തകർ പറയുന്നത്. അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറുപേര്‍ക്കാണ് സസ്പെന്‍ഷന്‍. നാല് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് താക്കീത് നൽകി. നടപടി നേരിട്ടവരില്‍ പഞ്ചായത്തംഗവും ബാങ്ക് സെക്രട്ടറിയും ഉണ്ട്.
രക്തസാക്ഷി ദിനത്തില്‍ പാര്‍ട്ടി നിശ്ചയിച്ച വഴിയിലൂടെ പ്രകടനം നയിച്ചില്ല. സ്ഥാനത്തും അസ്ഥാനത്തും മുദ്രാവാക്യം വിളിച്ചു. ബോധപൂര്‍വം സമയം വൈകിപ്പിച്ച് പ്രകടനം നടത്തി തുടങ്ങിയവയാണ് നടപടിക്ക് കാണമായി പറയുന്നത്. നിസാര കാരണങ്ങള്‍ നിരത്തി വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

