പൂക്കോട് സർവകലാശാല വിദ്യാർഥിയുടെ മരണം; സമര വേലിയേറ്റം
text_fields
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധം ശക്തം. പ്രതികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് പൂക്കോട് സർവകലാശാല കവാടത്തിൽ അരങ്ങേറുന്നത്. എ.ബി.വി.പി, കെ.എസ്.യു സംഘടനകൾ കവാടത്തിൽ നിരാഹാര സമരം നടത്തുന്നുണ്ട്.
എം.എസ്.എഫ് യൂനിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയും മാർച്ച് നടത്തി. ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി കെ.എസ്.യു നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. കെ.എസ്.യു സംസ്ഥാന കമ്മിറ്റി തിങ്കളാഴ്ച മാർച്ച് നടത്തുന്നുണ്ട്. കോൺഗ്രസിന്റെ ജില്ല, സംസ്ഥാന നേതാക്കൾ നിരാഹാരമിരിക്കുന്നവരെ അഭിവാദ്യം ചെയ്യാൻ എത്തുന്നുണ്ട്.
ബി.ജെ.പി മാർച്ചിൽ ഉന്തും തള്ളും
സിദ്ധാർഥന്റെ മരണത്തിലെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുക, സ്ഥാപനത്തിലെ ഡീനായ എം.കെ. നാരായണനെ പ്രതിചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക, കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുമായി ബി.ജെ.പി കൽപറ്റ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വെറ്ററിനറി കോളജിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. സർവകലാശാല സുരക്ഷ കവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞു.
ബി.ജെ.പി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൂക്കോട് വെറ്ററിനറി കോളജിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
കൽപറ്റ മണ്ഡലം ജനറൽ സെക്രട്ടറി ഷാജിമോൻ ചൂരൽമല അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകുമാർ, ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യർ, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ. സദാനന്ദൻ, പ്രശാന്ത് മലവയൽ, പി.ജി. ആനന്ദ് കുമാർ, സിന്ധു ഐരവീട്ടിൽ, ഋഷികുമാർ എന്നിവർ നേതൃത്വം നൽകി.
കെ.എസ്.യു നിരാഹാര സമരം രണ്ടാം ദിവസം
കുറ്റക്കാരായ മുഴുവൻ എസ്.എഫ്.ഐക്കാരെയും ഉടൻ അറസ്റ്റ് ചെയ്യുക, കൊലക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത അനിശ്ചിതകാല റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിൽ.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ കെ.എൽ. പൗലോസ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അസ്ലം ഒലിക്കൻ, നിവിൻ വേങ്ങൂർ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അമൽ ജോയ് എന്നിവർ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
‘ഗുണ്ടാവിളയാട്ടത്തിന്റെ വേദികളായി കലാലയങ്ങള്‍ അധഃപതിക്കരുത്’
കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിച്ച നെറികെട്ട റാഗിങ് സംസ്കാരം അത്യന്തം അപലപനീയമാണെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും എസ്.എസ്.എഫ് ജില്ല എക്സിക്യൂട്ടിവ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
നന്മയുടെ വിളനിലമാകേണ്ട കലാലയങ്ങളില്‍ ഗുണ്ട തേരോട്ടം തുടര്‍ക്കഥയാവുകയാണ്. കുറ്റവാളികള്‍ക്ക് നിയമപരിരക്ഷ നല്കാന് ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്ന ഉൽപാദന കേന്ദ്രമായി കാമ്പസുകളെ മാറ്റുകയാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ജില്ല പ്രസിഡന്റ് സഅദ് ഖുതുബി തിനപുരം അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. ബാസിം നൂറാനി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി. ഹംസക്കുട്ടി സഖാഫി, ടി. ഹാരിസ് റഹ്മാന്, കെ. ജമാല്‍ സുല്‍ത്താനി, പി. ഷബീറലി, വി. റഷാദ് ബുഹാരി, ടി. ബഷീര്‍, വി. അബി ഉക്കാശ നഈമി, കെ. മുനീര്‍ നിസാമി, ടി. ആബിദ്, കെ. നിസാര്‍ എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മാർച്ച്
സിദ്ധാർഥന്റെ മരണം കൊലപാതകമാണോ എന്ന കാര്യത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റി വെറ്ററിനറി സർവകലാശാലയിലേക്കു മാർച്ച് നടത്തി. സർവകലാശാല സെക്യൂരിറ്റി പോസ്റ്റിനടുത്ത് പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. ജ്യോതിഷ്കുമാർ, അർശിദ് പൊങ്ങാടൻ, വിനീഷ്, മുത്തു സഞ്ചാര, ടിന്റോ, ആഷിക് വൈത്തിരി എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമെന്ന് സി.പി.എം
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലുണ്ടായ ദാരുണ സംഭവത്തിന് രാഷ്ട്രീയ നിറം നൽകി ലോക്സഭ തെരഞ്ഞെടുപ്പിന് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് മാധ്യമ പിന്തുണയോടെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്ന് സി.പി.എം ജില്ല കമ്മിറ്റി. കോളജിലെ ഒരു വിദ്യാർഥിനിയുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയമാണ് അംഗീകരിക്കാൻ കഴിയാത്തവിധം സംഘർഷത്തിലേക്ക് നയിച്ചതെന്നും അതേത്തുടർന്നാണ് വിദ്യാർഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് മനസ്സിലാവുന്നത്.
തുടക്കം മുതൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ഏതാനും വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ചൂണ്ടിക്കാട്ടി കാമ്പസിലെ വിദ്യാർഥികളെയും അധ്യാപകരെയും ഒരു വിദ്യാർഥി സംഘടനയെയും മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല -സി.പി.എം ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എസ്.എഫ്.ഐ തെമ്മാടിക്കൂട്ടമായി -പ്രഫുൽ കൃഷ്ണ
കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി മരിച്ച സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു വിദ്യാർഥിയെ 130ഓളം കുട്ടികൾക്ക് മുന്നിലിട്ട് പരസ്യ വിചാരണ ചെയ്തു. നാലു ദിവസത്തോളം പീഡിപ്പിച്ചു. എസ്.എഫ്.ഐ ആൾക്കൂട്ട വിചാരണ നടത്തി ആളുകളെ കൊല്ലുന്ന തരത്തിൽ ഭീകരവാദ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന തെമ്മാടിക്കൂട്ടമായി.
മയക്കുമരുന്നിന്റെ ഉപയോഗം പൂക്കോട് വെറ്ററിനറി കോളജ് എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ വ്യാപകമായി നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കോളജ് ഡീനും രജിസ്ട്രാറും എസ്.എഫ്.ഐയുടെ താൽപര്യത്തിനനുസരിച്ചാണ് നിൽക്കുന്നത്. കേരള പൊലീസിന് നിഷ്പക്ഷ അന്വേഷണം നടത്താൻ സാധിക്കില്ല. സി.ബി.ഐ ഉൾപ്പെടെയുള്ള സ്വതന്ത്ര ഏജൻസിക്ക് കേസ് കൈമാറി അന്വേഷണം നടത്തണമെന്നും പ്രഫുൽ കൃഷ്ണ പറഞ്ഞു.
എസ്.എഫ്.ഐ നടത്തുന്നത് ഭീകരവാഴ്ച -ആം ആദ്മി പാർട്ടി
പൂക്കോട്: എസ്.എഫ്.ഐ സത്യം വിളിച്ചുപറയുന്ന വിദ്യാർഥി ശബ്ദങ്ങളെ അടിച്ചമർത്തുകയും നീതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സർവകലാശാല സന്ദർശിച്ച ആം ആദ്മി പ്രവർത്തകർ പറഞ്ഞു. റാഗിങ്ങിനെതിരെ ശബ്ദമുയർത്താൻ ധൈര്യപ്പെട്ട വിദ്യാർഥികളെ എസ്.എഫ്.ഐ അംഗങ്ങൾ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും നേരിട്ടത് അസ്വസ്ഥതയുണ്ടാക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ, ഡോ. സുരേഷ്, ബേബി തയ്യിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

