കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വളപ്പിൽനിന്ന് മരങ്ങൾ കടത്താനുള്ള ശ്രമം എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്ന് തടഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 12നാണ് സംഭവം. കാമ്പസിൽനിന്ന് മരത്തടികൾ മിനി ലോറിയിൽ കടത്തുന്നത് കണ്ട് സംശയം തോന്നിയ വിദ്യാർഥികൾ വണ്ടി തടഞ്ഞിടുകയായിരുന്നു.
പ്രിൻസിപ്പലിെൻറയും സൂപ്രണ്ടിെൻറയും അനുമതിയോടെയാണ് മരം കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വാഹനത്തിലുള്ളവർ പറഞ്ഞതായി വിദ്യാർഥികൾ ആരോപിച്ചു. സംഭവം തെൻറ അറിവോടെയല്ലെന്നും ആരാണ് മരം കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ മാത്യു ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കാമ്പസിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞുനിന്ന ആൽമരം ഒരുമാസം മുമ്പ് വെട്ടിമാറ്റിയിരുന്നു. ഇതും രണ്ട് പനമരവുമാണ് മുറിച്ചു കടത്താൻ ശ്രമിച്ചതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. കോളജ് ലൈബ്രറി കോംപ്ലക്സിെൻറ ഭാഗത്തുള്ള ഗേറ്റിലൂടെയാണ് മരത്തടി കടത്താന്‍ ശ്രമിച്ചത്. കോളജിൽ തിങ്കളാഴ്ച തുടങ്ങുന്ന അനിശ്ചിതകാല സമരത്തിെൻറ ഒരുക്കങ്ങള്‍ക്കായി എത്തിയതായിരുന്നു എസ്.എഫ്.ഐ പ്രവർത്തകർ. ഇതിനിടെ വാഹനം കോളജിന് പുറത്തേക്കു പോവുന്നതുകണ്ട് സംശയം തോന്നി തടയുകയായിരുന്നു.
തടി കൊണ്ടു പോകാനുള്ള രേഖകൾ ഡ്രൈവറുടെ കൈയിലില്ലെന്ന് വ്യക്തമായതോടെ പ്രതിഷേധം കനത്തു. ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന മറ്റ് മൂന്നു പേരും വാഹനം പിന്നോട്ടെടുത്ത് മരം കയറ്റിയ സ്ഥലത്ത് കൊണ്ടു പോയി നിർത്തിയിട്ടു. വിദ്യാർഥികൾ വാഹനത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം വൈകീട്ടു വരെ നീണ്ടു.
നേരത്തെയും മരത്തടികൾ ക്യാമ്പസിൽനിന്ന് കൊണ്ടുപോയതായും സര്‍ക്കാര്‍ നടപടികള്‍ക്ക് അനുസരിച്ചുള്ള ലേലമോ ടെന്‍ഡറോ നടത്താതെയാണ് കടത്തുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് സെൻട്രൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.