ഗവർണറുടെ ‘ബ്ലഡി കണ്ണൂർ’ പരാമർശം; വ്യാപക പ്രതിഷേധം
text_fieldsഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെച്ച് കേരളം വിട്ടുപോകണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകരുടെ പ്രകടനം
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ‘ബ്ലഡി കണ്ണൂർ’ പരാമർശത്തിനെതിരെ കണ്ണൂരിൽ വ്യാപക പ്രതിഷേധം. പ്രകടനവും പ്രതിഷേധ യോഗവും നടത്തിയും ഗവർണറുടെ കോലം കത്തിച്ചും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തെരുവിലിറങ്ങി. എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസുകളിലും ഡി.വൈ.എഫ്.ഐ മേഖല കേന്ദ്രങ്ങളിലും ഗവർണർക്കെതിരെ ബാനറുകൾ ഉയർത്തി. കണ്ണൂരിൽ കാൽടെക്സ് ജങ്ഷനിൽ നിന്ന് ആരംഭിച്ച ഡി.വൈ.എഫ്.ഐ പ്രകടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കോലം കത്തിച്ച് സമാപിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് പേപിടിച്ച തെരുവ് പട്ടിയെ പോലെയാണെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി അഡ്വ. സരിൻ ശശി പറഞ്ഞു. ഗവർണറെ കണ്ണൂർ ജില്ലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് അഫ്സലും പ്രസ്താവിച്ചു. കേരള ഗവർണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നെറികെട്ട രാഷ്ട്രീയ നിലപാടിനെതിരെയാണ് പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു. 'മിസ്റ്റർ ചാൻസലർ ഇത് ബ്ലഡി കണ്ണൂരല്ല, ബോൾഡ് കണ്ണൂരാണ്' എന്ന ബാനറും നഗരത്തിൽ ഉയർത്തി. അഡ്വ. സരിൻ ശശി, ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഷിമ, പി.എം. അഖിൽ, എം. ശ്രീരാമൻ, എം.സി. രമിൽ, അഖിൽ പി. ബാബു എന്നിവർ നേതൃത്വം നൽകി. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അടക്കം കലാലയങ്ങളിലും ഗവർണർക്കെതിരെ ബാനറുകൾ ഉയർന്നു.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം
എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം കണ്ണൂർ കാൽടെക്സിൽ നിന്നാരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. കെ.പി. സഹദേവൻ, കെ.വി. സുമേഷ് എം.എൽ.എ, കെ.പി. സുധാകരൻ, വെള്ളോറ രാജൻ, സജി കുറ്റ്യാനിമറ്റം, കെ.പി. പ്രശാന്ത്, എം.പി. മുരളി, ബാബുരാജ് ഉളിക്കൽ, ഹമീദ് ചെങ്ങളായി, കെ.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
'കുതിരവട്ടത്ത് മുറി വേണ്ടിവരും'
കണ്ണൂർ: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. ഗവർണറുടെ 'ബ്ലഡി കണ്ണൂർ' പരാമർശത്തിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. 'മിസ്റ്റർ ആരിഫ് ഖാൻ, ഈ പരാമർശത്തിന് അങ്ങ് വലിയ വില നൽകേണ്ടി വരും. അധികം വൈകാതെ കുതിരവട്ടത്തേക്ക് ഒരു മുറി അങ്ങേക്കു ആവശ്യമായി വരും' -ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. 'ബ്ലഡി സംഘി ചാൻസലർ ഗോബാക്ക്' എന്ന പോസ്റ്ററും അവർ പങ്കുവെച്ചിട്ടുണ്ട്.
ഗവര്‍ണര്‍ മാപ്പു പറയണം -എസ്.ഡി.പി.ഐ
കണ്ണൂര്‍: സര്‍വകലാശാലകളെ സംഘ്പരിവാരവത്കരിക്കാനുള്ള ശ്രമങ്ങളെ എന്തുവില കൊടുത്തും ചെറുക്കണമെന്നും കണ്ണൂരിനെ ‘ബ്ലഡി കണ്ണൂർ' എന്ന് അധിക്ഷേപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാപ്പു പറയണമെന്നും എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് എ.സി. ജലാലുദ്ദീന്‍. കണ്ണൂരിനെ ചോരക്കളമാക്കിയത് ഗവര്‍ണറുടെ തലതൊട്ടപ്പന്മാരാണെന്ന ചരിത്രവസ്തുത പഠിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് തയാറാവണം. തലശ്ശേരി കലാപത്തിലൂടെയും ഒട്ടനവധി കൊലപാതകങ്ങളിലൂടെയും സംഘപരിവാരം വരുതിയിലാക്കാന്‍ ശ്രമിച്ചിട്ടും കണ്ണൂരിലെ മതേതരവിശ്വാസികള്‍ ചെറുത്തുതോല്‍പ്പിച്ചതിന്റെ വെറുപ്പാണ് ഗവര്‍ണറുടെ അധിക്ഷേപത്തിലൂടെ പുറത്തുവന്നത്. ഉത്തരേന്ത്യന്‍ മാതൃകയില്‍ ഹിന്ദുത്വവത്കരിക്കാനുള്ള ഏതൊരു നീക്കത്തെയും ജനം ആട്ടിയോടിച്ച ചരിത്രമാണ് കേരളത്തിനും കണ്ണൂരിനുമുള്ളത്.സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കാമ്പസില്‍ കാട്ടിക്കൂട്ടിയ പെരുമാറ്റം തരംതാണതാണ്.
ഇത്തരത്തില്‍ പെരുമാറുന്ന ഒരാളെ ഇനിയും സഹിക്കേണ്ട ബാധ്യത അക്കാദമിക് സമൂഹമത്തിനോ പൊതുജനത്തിനോ ഇല്ലെന്നും എ.സി. ജലാലുദ്ദീന്‍ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

