മരിച്ച അഭിഭാഷകന്റെ വിധവയായ അഭിഭാഷകയോട് മോശം പെരുമാറ്റം; ഹൈകോടതി ജഡ്ജിക്കു നേരെ പ്രതിഷേധം
text_fieldsകൊച്ചി: മരണപ്പെട്ട അഭിഭാഷകന്റെ ഭാര്യയായ അഭിഭാഷകയോട് തുറന്ന കോടതിയിൽ മോശമായി പെരുമാറിയെന്ന പരാതിയിൽ ഹൈകോടതി ജഡ്ജിക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം. ജനുവരിയിൽ മരണപ്പെട്ട അലക്സ് എം. സ്കറിയ വക്കാലത്തെടുത്ത കേസ് വ്യാഴാഴ്ച പരിഗണനക്കെടുക്കവേ പുതിയ വക്കാലത്ത് നൽകാൻ സമയം തേടിയപ്പോൾ ജസ്റ്റിസ് എ. ബദറുദ്ദീൻ മോശമായി പെരുമാറിയെന്നാണ് പരാതി.
സമയം അനുവദിക്കാനാകില്ലെന്നും വ്യാഴാഴ്ച തന്നെ വാദം നടത്താനും ആവശ്യപ്പെട്ട കോടതി ആരാണ് മരിച്ച അഭിഭാഷകനെന്നും ചോദിച്ചു. ഇതോടെ സ്വയം നിയന്ത്രിക്കാനാവാതെ കരച്ചിലോടെയാണ് കോടതി നടപടികളിൽ അഭിഭാഷക പങ്കെടുത്തത്. സംഭവം ഹൈകോടതി അഭിഭാഷക അസോസിയേഷന്റെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച ജസ്റ്റിസ് ബദറുദ്ദീൻ കോടതിമുറിയിൽ ക്ഷമാപണം നടത്തണമെന്ന ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചു.
വെള്ളിയാഴ്ച ജസ്റ്റിസ് ബദറുദ്ദീന്റെ കോടതി തുടങ്ങും മുമ്പേ ഒട്ടേറെ അഭിഭാഷകർ എത്തിയെങ്കിലും ജഡ്ജി എത്തിയില്ല. ജസ്റ്റിസ് ബദറുദ്ദീൻ സിറ്റിങ് നടത്തുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അഭിഭാഷകർ ജഡ്ജിയുടെ ചേംബറിലെത്തി തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ചു.
അഭിഭാഷകയോട് ചേംബറിൽ വെച്ച് സംസാരിക്കാൻ തയാറാണെന്ന് ജഡ്ജി അറിയിച്ചെങ്കിലും അസോസിയേഷൻ തള്ളി. ഇതിനിടെ, ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അഡ്വക്കറ്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉച്ചക്ക് വീണ്ടും യോഗം ചേർന്ന് ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
കോടതിമുറിയിൽ ക്ഷമാപണം നടത്തുന്നതുവരെ ജസ്റ്റിസ് ബദറുദ്ദീന്റെ കോടതി ബഹിഷ്കരിക്കുമെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

