ഗവർണറുടെ നയങ്ങളിൽ പ്രതിഷേധം; നാളെ എസ്.എഫ്.ഐ പഠിപ്പുമുടക്ക്
text_fieldsതിരുവനന്തപുരം: സർവകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നടപടികളിൽ പ്രതിഷേധിച്ച് നാളെ എസ്.എഫ്.ഐ പഠിപ്പുമുടക്ക്. ഗവർണർക്കെതിരായി നടന്ന സമരങ്ങൾക്കിടെ 30 എസ്.എഫ്.ഐ നേതാക്കൾ റിമാൻഡിലായെന്നും സംഘടന പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ വിവിധ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. കണ്ണൂർ, കാലിക്കറ്റ്, കേരള സർവകലാശാല ആസ്ഥാനങ്ങളിലേക്കാണ് മാർച്ച് നടത്തിയത്. കണ്ണൂരിലും തിരുവനന്തപുരത്തും സംഘർഷമുണ്ടായി.
ഗവർണർ നിയമിച്ച വി.സിമാർക്കെതിരെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
കണ്ണൂർ, കാലിക്കറ്റ് സർവകലാശാല ആസ്ഥാനങ്ങളിലും സംഘർഷമുണ്ടായി. കണ്ണൂരിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സർവകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

