വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം VIDEO
text_fieldsതിരുവനന്തപുരം: കണ്ണൂരിൽ അരങ്ങേറിയ തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിൽ ജില്ലയിലെ പരിപാടികൾ പൂർത്തിയാക്കി മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയ വിമാനത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകൾ പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.50നു കണ്ണൂരിൽനിന്ന് പുറപ്പെട്ട 72 പേരുള്ള 6-ഇ 7407 നമ്പർ ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങാനൊരുങ്ങവെയാണ് മൂന്നംഗ സംഘം പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.
ഇവരിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ല സെക്രട്ടറി ആർ.കെ. നവീൻ കുമാർ എന്നിവരെ സി.ആർ.പി.എഫ് പിടികൂടി വലിയതുറ പൊലീസിന് കൈമാറി. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തി. എയർക്രാഫ്ട് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം-കോൺഗ്രസ് സംഘർഷം അരങ്ങേറി.
ഇൻഡിഗോ വിമാനത്തിൽ എട്ടംഗ കമാൻഡോകളുമായി കയറിയ മുഖ്യമന്ത്രി വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്ന ഘട്ടത്തിലാണ് കറുത്ത വസ്ത്രമണിഞ്ഞ് അതേ വിമാനത്തിൽ യാത്രചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ഇവരെ തടയുകയും തള്ളി മാറ്റുകയും ചെയ്തു. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായത് ഭീകരവാദികൾ ചെയ്യുന്ന പ്രവർത്തനമാണെന്നും പാർട്ടിതന്നെ മുഖ്യമന്ത്രിക്കു വേണ്ടിവന്നാൽ സംരക്ഷണം നൽകുമെന്നും സി.പി.എം വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കിയെങ്കിലും മുമ്പെങ്ങും കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം വിമാനത്തിനകത്ത് പ്രതിഷേധമുയരുകയായിരുന്നു. പ്രതിഷേധിച്ചവർക്കു നേരെ കൈയേറ്റമുണ്ടായതായി ആരോപണമുണ്ട്. വിമാനത്തിൽ പ്രവർത്തകരെ മർദിച്ചത് ഇ.പി. ജയരാജനെന്ന് പ്രതിപക്ഷവും എന്നാൽ, മദ്യപിച്ച് ലക്കുകെട്ടവരാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ വിമാനത്തിൽ കയറിയതെന്ന് ഇ.പി. ജയരാജനും ആരോപിച്ചു. മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്ച്ച് സംഘർഷത്തിൽ കലാശിച്ചു.
പൊലീസ് പലതവണ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിമാനത്താവളത്തിൽനിന്ന് മുഖ്യമന്ത്രി പുറത്തേക്കുവരുന്ന വഴിയിൽ ബാരിക്കേഡ് വെച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പല സ്ഥലത്തും യൂത്ത് കോൺഗ്രസും ബി.ജെ.പിയും കരിങ്കൊടി കാണിച്ചു.
വിമാനത്താവളത്തിന് പുറത്തും പ്രതിഷേധം
കണ്ണൂരിൽനിന്ന് വിമാനമാർഗം മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തുന്ന വിവരമറിഞ്ഞ് വിമാനത്താവളത്തിന് പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ എത്തിയിരുന്നു. കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും പരിസരത്തും ഒരുക്കിയിരുന്നത്. മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ നിരവധി സി.പി.എം പ്രവർത്തകരും എത്തിയിരുന്നു. ബാരിക്കേഡ് മറിച്ചിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കണ്ണൂരിൽ സുരക്ഷാ വലയമൊരുക്കിയെങ്കിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയത്. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലയിടത്തും ലാത്തിച്ചാർജും നടത്തി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകനെ സി.പി.എം പ്രവർത്തകർ മർദിച്ചു. 50 ഓളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

