കേന്ദ്ര നയങ്ങള്‍ക്കെതിരെ വ്യാപാരികളുടെ പാർലമെന്റ് മാര്‍ച്ച് 18ന്
text_fieldsതിരുവനന്തപുരം: ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ വ്യാപാരികൾ 18ന് പാർലമെന്റ് മാർച്ച് നടത്തും. രാവിലെ 10ന് കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ നേതാക്കളടക്കം പങ്കെടുക്കും.
നോട്ട് നിരോധനവും ജി.എസ്.ടി യും രാജ്യത്തെ ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ കേന്ദ്ര ബജറ്റുകൾ പരിശോധിച്ചാൽ ചെറുകിട വ്യാപാരികൾക്ക് ആശ്വാസകരമായ ഒന്നുമില്ലെന്ന് വ്യക്തമാവും. വിദേശ കുത്തകകളുടെ കടന്നുവരവും സ്വദേശ കുത്തകകളുടെ ആധിപത്യവും പരമ്പരാഗത ചില്ലറ വ്യാപാര മേഖലയെ തളർത്തുന്നു. ഓൺലൈൻ ഭീമന്മാരായ ഫ്ലിപ്കാർട്ടും ആമസോണും ഉയർത്തുന്ന വെല്ലുവിളികളും ചെറുതല്ല. ചെറുകിട വ്യാപാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന അഞ്ചു കോടിയോളം പേരുടെ നിലനിൽപ് അപകടത്തിലായി.
വിദേശി-സ്വദേശി കുത്തകകളിൽ നിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, ഓൺലൈൻ വ്യാപാരത്തിന്മേൽ സെസ് ഏർപ്പെടുത്തുക, വാടകക്കുമേലുള്ള ജി.എസ്.ടിയിൽനിന്ന് വ്യാപാരികളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസിയ മേച്ചേരി, ട്രഷറർ എസ്. ദേവരാജൻ, സെക്രട്ടറി വൈ. വിജയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

