പ്രതിഷേധ ജ്വാലകൾ ആളിപ്പടരുന്നു
text_fieldsതിരുവനന്തപുരം: ജനത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും പ്രതിഷേധ ജ്വാലകൾ ആളിപ്പടരുന്നു. രാജ്യവ്യാപക പ്രക്ഷോഭങ്ങളുെട അലയൊലികൾ സംസ്ഥാനത്തെയും ഇളക്കിമറിക്കുകയാണ്. മംഗളൂരുവിൽ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മാധ്യമപ്രവർത്തകർ തെരുവിലിറങ്ങി. മഴയെ അവഗണിച്ചും വിദ്യാർഥി യുവജന പ്രക്ഷോഭങ്ങൾ തെരുവുകളിൽ വെള്ളിയാഴ്ചയും ആർത്തിരമ്പി. ജുമുഅ നമസ്കാരത്തിന് ശേഷം മഹല്ല് ജമാഅത്തുകളുടെ ആഭിമുഖ്യത്തിൽ മിക്കയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിൽ ആയിരങ്ങളാണ് അണിനിരന്നത്. പ്രാേദശിക കൂട്ടായ്മകളും സാംസ്കാരിക സംഘങ്ങളുമെല്ലാം നഗര-ഗ്രാമവ്യത്യാസമില്ലാതെ പ്രതിഷേധ ചത്വരങ്ങൾ തീർത്തു.
കഴിഞ്ഞ ദിവസം മംഗളൂരുവിലുണ്ടായ വെടിവെപ്പിനെ തുടർന്നുള്ള സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ അനധികൃതമായി തടഞ്ഞുവെച്ച സംഭവം മാധ്യമസമൂഹത്തിനൊപ്പം െപാതുസമൂഹത്തിലും വ്യാപകപ്രതിഷേധം ഉയർത്തി. മാധ്യമ സ്വാതന്ത്ര്യത്തിനു നേെരയുള്ള കടന്നാക്രമണം ഫാഷിസ്റ്റ് മനോഭാവമാണെന്നും ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരത്ത് കേരള പത്രപ്രവർത്തക യൂനിയെൻറ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന മാർച്ചിൽ കനത്ത മഴയെ അവഗണിച്ചും നിരവധി മാധ്യമപ്രവർത്തകരാണ് അണിനിരന്നത്. ജനറൽ പോസ്റ്റ് ഓഫിസിന് മുന്നിൽ സംസ്ഥാന പ്രസിഡൻറ് കെ.പി. റജി, ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു. പാളയം ജുമാമസ്ജിദിെൻറ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്രതിഷേധ സംഗമം നടന്നു. ഇമാം മൗലവി വി.പി. സുഹൈബ് നേതൃത്വം നൽകി.
പ്രതിഷേധം ഇരമ്പി; കോട്ടയത്ത് വൻ റാലി
കോട്ടയം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ അക്ഷരനഗരിയിൽ വൻ പ്രതിഷേധം. കോട്ടയം താലൂക്ക് മുസ്ലിം ജമാഅത്ത് കോഓഡിനേഷെൻറ ആഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടന്ന പ്രതിഷേധറാലിയിലും പൗരാവകാശ സമ്മേളനത്തിലും ആയിരങ്ങൾ പങ്കാളികളായി. കോട്ടയം താജ് ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി എം.എൽ റോഡ്, കെ.െക റോഡ്, ശീമാട്ടി റൗണ്ടാന ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു. 51 മഹല്ലുകളുടെയും ഇരുപതോളം പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ദേശീയ പതാകയേന്തിയ പ്രകടനത്തിൽ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ അണിനിരന്നത്.
തിരുനക്കര മൈതാനത്ത് തിങ്ങിനിറഞ്ഞവരെ സാക്ഷിയാക്കി പൗരത്വ സംരക്ഷണ സമ്മേളനം ഓഡിനേഷൻ മുഖ്യരക്ഷാധികാരിയും കോട്ടയം താജ് ജമാഅത്ത് ചീഫ് ഇമാമുമായ ഷിഫാര്‍ മൗലവി അല്‍ കൗസരി ഉദ്ഘാടനം ചെയ്തു. കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് സാജന് അധ്യക്ഷത വഹിച്ചു. തിരുനക്കര പുത്തന്‍പള്ളി ജമാഅത്ത് ചീഫ് ഇമാം മഅ്മൂന്‍ ഹുദവി വിഷയാവതരണം നടത്തി. താഴത്തങ്ങാടി ജമാഅത്ത് ഇമാം ഷംസുദ്ദീന് മന്നാനി മുഖ്യപ്രഭാഷണം നടത്തി.
സംയുക്ത സമരത്തെ പിന്തുണച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ ബി.ജെ.പി ഒഴികെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. രാഷ്ട്രപതിയെ സന്ദർശിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷകക്ഷികൾ പ്രതിഷേധം അറിയിച്ചതുപോലെ ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടതെന്ന് ഉമ്മൻ ചാണ്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് ഭരണ-പ്രതിപക്ഷങ്ങൾ സംയുക്തമായി നടത്തിയ സമരത്തെ സ്വാഗതംചെയ്ത ഉമ്മൻ ചാണ്ടി രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ബി.ജെ.പി ഇതര കക്ഷികൾ ഒന്നിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംയുക്ത സമരത്തിൽ രമേശ് ചെന്നിത്തല പെങ്കടുത്തതിനെയും ഉമ്മൻ ചാണ്ടി സ്വാഗതം െചയ്തു. പ്രതിപക്ഷം പെങ്കടുത്തതിനെ നേരത്തെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിക്കുകയും ഇനി സർക്കാറുമായി ചേർന്ന് സമരമില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സാംസ്കാരിക സ്ഥാപനങ്ങൾ പ്രതിരോധ കൂട്ടായ്മയൊരുക്കും
തൃശൂർ: മതത്തിെൻറ അടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എഴുത്തുകാരെയും കലാകാരന്മാരെയും അണിനിരത്തി സർക്കാറിെൻറ കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങൾ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കും. സാഹിത്യ, ലളിതകല, സംഗീത-നാടക അക്കാദമികൾ ചേർന്ന് ജനുവരി ഒന്നിനും 10നും ഇടക്ക് ഒരുദിവസം കൂട്ടായ്മ ഒരുക്കുമെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അറിയിച്ചു.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ മുസ്ലിം കേന്ദ്രീകൃതമാക്കാൻ വലത് രാഷ്ട്രീയത്തിെൻറ വക്താക്കൾ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും ആ അജണ്ടയിൽ വീഴരുതെന്നും അക്കാദമി പ്രസിഡൻറ് വൈശാഖൻ പറഞ്ഞു. ഇത് ഏതെങ്കിലും മതവിഭാഗത്തിെൻറ പ്രശ്നമല്ല, മതവിവേചനത്തിെൻറതാണ്. ബംഗ്ലാദേശിൽ പീഡനം അനുഭവിക്കുന്ന ഹിന്ദു മാത്രമല്ല, അവിടെ അതേ അവസ്ഥ നേരിടുന്ന മുസ്ലിമും മനുഷ്യനാണ്. അഭയം നൽകിയതാണ് ഇന്ത്യയുടെ ചരിത്രം. രാജ്യത്തിെൻറ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. അതിനെയാണ് ചവിട്ടിമെതിക്കുന്നത്. എഴുത്തുകാരെല്ലാം ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും ൈവശാഖൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
