മാധ്യമപ്രവർത്തകർ പ്രതിഷേധജ്വാല സംഗമം നടത്തി
text_fieldsകേരള പത്രപ്രവർത്തക യൂനിയന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പ്രതിഷേധ ദീപം തെളിയിക്കുന്നു (ചിത്രം: ബിമൽ തമ്പി)
തിരുവനന്തപുരം: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തലസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. കേരള പത്രപ്രവർത്തക യൂനിയന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധ ജ്വാല സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുകയാണെന്നും മീഡിയവൺ ചാനലിന്റെ വിലക്കിൽ അതാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പ്രയോഗിച്ച കിരാതനടപടി അടിയന്തരമായി പിൻവലിക്കണം. രാഷ്ട്രപിതാവ് കൊല ചെയ്യപ്പെട്ടതിന്റെ വാർഷിക ദിനത്തിന് തൊട്ടടുത്ത ദിവസമാണ് മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. ജനാധിപത്യ, പൗരാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഭാഗമാണ് മാധ്യമങ്ങൾക്ക് നേരെ വരുന്ന ആക്രമണങ്ങൾ.
ജനങ്ങളുടെ വിചാര, വികാരങ്ങളാണ് മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നത്. അവയുടെ വായ മൂടിക്കെട്ടാനും തങ്ങൾ ചെയ്യുന്ന തോന്ന്യാസങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് പറയുന്നതും ഏകാധിപത്യ വാഴ്ചക്ക് ഹാലേലുയ്യ പാടലാണ്. സ്വതന്ത്രവും നീതിപൂർവകവുമായ മാധ്യമമേഖലയാണ് വേണ്ടത്. അതിന് മൂക്കുകയറിട്ട് സ്തുതിഗീതം പാടുന്നവരാക്കണമെന്നാണ് ആഗ്രഹമെങ്കിൽ എല്ലാ മാധ്യമങ്ങളും അതിന് കൂട്ടുനിന്നെന്ന് വരില്ല.-ആനത്തലവട്ടം പറഞ്ഞു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

