പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ; കരട് നിയമഭേദഗതി അംഗീകാരത്തിന് വിട്ടതായി സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: പതിച്ചുനൽകിയ പട്ടയഭൂമിയിലെ സംരക്ഷിത ഇനം മരങ്ങൾ സർക്കാർ പട്ടികയിൽ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കരട് നിയമഭേദഗതി അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് സർക്കാർ ഹൈകോടതിയിൽ. എത്രയുംവേഗം തീരുമാനമുണ്ടാകും.
അല്ലാത്തപക്ഷം കോടതി നിർദേശിച്ചപ്രകാരം ഉചിതമായ ഭരണതല ഉത്തരവ് ഇറക്കും. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും നിലനിർത്തിയതുമായ ചന്ദനം ഒഴികെ സംരക്ഷിതയിനം മരങ്ങളുടെ അവകാശം ഭൂമി പതിച്ചുകിട്ടിയവർക്ക് നൽകാനുള്ള ചട്ടഭേദഗതിയും വ്യക്തത വരുത്തി റവന്യൂ വകുപ്പ് ഇറക്കിയ സർക്കുലറും ചോദ്യംചെയ്ത് പാലക്കാട്ടെ ‘വൺ എർത്ത് വൺ ലൈഫ്’ നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം.
പട്ടയഭൂമിയിലെ ചന്ദനം ഒഴികെ മരങ്ങളുടെ ഉടമാവകാശം കൈവശക്കാരായ കർഷകർക്കാണെന്ന തീരുമാനം തിരുത്താൻ തീരുമാനിച്ചതായും നടപടി പുരോഗമിക്കുന്നതായും കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ സർക്കാർ വ്യക്തമാക്കി. തുടർന്നാണ് ചട്ടഭേദഗതി നിലവിൽ വരുന്നതുവരെ ഇതിന് ഭരണതല ഉത്തരവ് ഇറക്കുകയോ പട്ടയം നൽകുന്നത് നിർത്തിവെക്കുകയോ ചെയ്യാൻ കോടതി നിർദേശിച്ചത്.
നിയന്ത്രണം കൊണ്ടുവരാൻ സർക്കാറിന് അധികാരമില്ലെന്ന് കേസിൽ കക്ഷിചേർന്ന കുട്ടമ്പുഴ സ്വദേശി വാദിച്ചു. നിയമഭേദഗതിയിൽ നടപടി സ്വീകരിച്ചശേഷം സർക്കാർ ഇക്കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹരജി നവംബർ 20ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

