Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുനമ്പം വിഷയം: വഖഫ്...

മുനമ്പം വിഷയം: വഖഫ് സ്വത്ത് സംരക്ഷിച്ചും ജനങ്ങൾക്ക് നീതി ഉറപ്പാക്കിയും ഒത്തുതീർപ്പുണ്ടാക്കണം-തൗഫീഖ് മമ്പാട്

text_fields
bookmark_border
മുനമ്പം വിഷയം: വഖഫ് സ്വത്ത് സംരക്ഷിച്ചും ജനങ്ങൾക്ക് നീതി ഉറപ്പാക്കിയും ഒത്തുതീർപ്പുണ്ടാക്കണം-തൗഫീഖ് മമ്പാട്
cancel

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ വിശ്വാസപരമായ വഖഫ് സ്വത്തിന്റെ സംരക്ഷണവും തലമുറകളായി അവിടെ താമസിക്കുന്ന സാധാരണക്കാരുടെ ആവാസവ്യവസ്ഥയും ഒരുപോലെ പരിഗണിച്ചുള്ള നീതിപൂർവ്വമായ ഒത്തുതീർപ്പിന് സർക്കാർ അടിയന്തരമായി മുൻകൈ എടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ്‌ മമ്പാട്. ഈ വിഷയത്തെ കേവലം നിയമപ്രശ്നമായി ചുരുക്കിക്കെട്ടുന്നത് അപകടകരമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

മുനമ്പം വിഷയം ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക നീതിയുടെ ചോദ്യമാണ്. ഈ വിഷയത്തിൽ നേരത്തെ പിണറായി സർക്കാറിൽനിന്നും ഇപ്പോൾ വി.ഡി.എസ് സർക്കാറിൽനിന്നും കേരളം പ്രതീക്ഷിച്ച പക്വമായ ഇടപെടലല്ല ഉണ്ടായത്. പ്രശ്നത്തിന്റെ ഗൗരവത്തെ അഭിസംബോധന ചെയ്യുന്നതിന് പകരം അവർ സ്വീകരിക്കുന്ന നിലപാടുകൾ വിഷയത്തെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്.

‘ഇത് വഖഫ് അല്ല’ എന്ന തരത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ വഖഫ് സ്വത്തുക്കളുടെ മേലുള്ള കയ്യേറ്റങ്ങൾക്ക് നിയമപരമായ സാധുത നൽകാനേ ഉപകരിക്കൂ എന്ന് തൗഫീഖ് മമ്പാട് വിമർശിച്ചു. ബാബരി മസ്ജിദ് ഉൾപ്പെടെയുള്ള ചരിത്രപരമായ വിധികൾ മുസ്‌ലിം സമുദായത്തിന്റെ ആരാധനാലയാവകാശങ്ങളെ പ്രതികൂലമായി ബാധിച്ചത് നമ്മുടെ മുന്നിലെ പാഠമാണ്. ഇത്തരം വാദങ്ങളിലൂടെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണം തന്നെ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക സാംഗത്യമുള്ളതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നും ജാഗ്രതയോ സന്തുലിതാവസ്ഥയോ കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭൂമി വഖഫിന്റേതാണെന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ട് തന്നെ, വില കൊടുത്തു വാങ്ങി വർഷങ്ങളായി അവിടെ താമസിക്കുന്നവർക്ക് നീതി ഉറപ്പുവരുത്താൻ സർക്കാർ ക്രിയാത്മകമായ വഴി കാണണം.

വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യുന്നതിൽ കാലാകാലങ്ങളിൽ ഭരണകൂടവും മാനേജ്‌മെന്റുകളും പുലർത്തിയ ചരിത്രപരമായ അനാസ്ഥയാണ് ഇന്നീ ദുരന്തത്തിന് വഴിവെച്ചത്. ആ വീഴ്ചകൾ തിരുത്താൻ തയ്യാറാകാതെ പാവപ്പെട്ട മനുഷ്യരെയും വഖഫ് ബോർഡിനെയും ഒരേ അളവുകോലിൽ വെച്ച് കാണുന്നത് അനീതിയാണ്. മാനേജ്‌മെന്റുകളുടെ പിഴവുകൾക്ക് സാധാരണക്കാരായ മനുഷ്യർ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടേണ്ടി വരുന്നത് വേദനാജനകമാണ്. സമുദായത്തിനകത്ത് ഇത്തരം വീഴ്ചകൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ കർശനമായ ആത്മപരിശോധനയും ജാഗ്രതയും അനിവാര്യമാണെന്നും കുറിപ്പിൽ പറയുന്നു.

അനധികൃതമായി ഭൂമി കൈയേറിയവരെ സംരക്ഷിക്കുന്ന നിലപാടുകളിൽനിന്നും സർക്കാർ പിന്മാറണം. മുനമ്പത്ത് സംഘ്പരിവാറിൽ രക്ഷകനെ തിരയുന്ന ചിലരുണ്ട്. സംഘ്പരിവാർ ഉയർത്തുന്ന കപട സ്‌നേഹം കേരളത്തിലെ പ്രബലമായ രണ്ട് സമുദായങ്ങളെ തമ്മിലകറ്റാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. മുനമ്പം നിവാസികളുടെ നീതിക്കൊപ്പം മുസ്‌ലിം സമുദായ നേതൃത്വം ഒന്നടങ്കം നിലയുറപ്പിച്ചിരുന്നു എന്നത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്.

മുനമ്പം വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവർ കേരളത്തിന്റെ സാഹോദര്യത്തെയാണ് അപകടത്തിലാക്കുന്നത്. മുനമ്പത്തെ മനുഷ്യർക്ക് നീതി ലഭിക്കുകയും ഒപ്പം വഖഫ് സ്വത്ത് സംരക്ഷിക്കപ്പെടുകയും വേണം. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറം മനുഷ്യപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും തൗഫീഖ്‌ മമ്പാട് വ്യക്തമാക്കി.


പോസ്റ്റിന്റെ പൂർണ രൂപം

മുനമ്പം വഖ്ഫ് ഭൂമി ഇന്ന് കേരളത്തിൽ സജീവ ചർച്ചാ വിഷയമാണല്ലോ.വിശ്വാസപരമായ വഖഫ് സ്വത്തിന്റെ സംരക്ഷണവും, തലമുറകളായി അവിടെ അധിവസിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ആവാസവ്യവസ്ഥയും തമ്മിലുള്ള സംഘർഷത്തെ കേവലം നിയമപ്രശ്നമായി മാത്രം ചുരുക്കിക്കെട്ടുന്നത് അപകടകരമാണ്. നീതിക്കൊപ്പമുള്ള മാനവികത ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഒരു ഒത്തുതീർപ്പാണ് ഈ നിമിഷം കേരളം ആവശ്യപ്പെടുന്നത്.

ഈ വിഷയത്തിൽ നേരത്തെ പിണറായി സർക്കാറിൽ നിന്നും ഇപ്പോൾ വി ഡി എസ് സർക്കാറിൽ നിന്നും കേരളം പ്രതീക്ഷിച്ച പക്വമായ ഇടപെടലല്ല ഉണ്ടായത്. പ്രശ്നത്തിന്റെ ഗൗരവത്തെയും വസ്തുതകളെയും അഭിസംബോധന ചെയ്യുന്നതിന് പകരം അവർ സ്വീകരിച്ച നിലപാടുകൾ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. പ്രത്യേകിച്ച്, 'ഇത് വഖഫ് അല്ല' എന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നത്, വഖഫ് സ്വത്തുക്കളുടെ മേലുള്ള കയ്യേറ്റങ്ങൾക്ക് നിയമപരമായ സാധുത നൽകാനേ ഉപകരിക്കൂ. ബാബരി മസ്ജിദ് ഉൾപ്പെടെയുള്ള ചരിത്രപരമായ വിധികൾ മുസ്‌ലിം സമുദായത്തിന്റെ ആരാധനാലയാവകാശങ്ങളെ എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്നത് നമ്മുടെ മുന്നിലെ വ്യക്തമായ പാഠമാണ്. ഇത്തരം വാദങ്ങളിലൂടെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണം തന്നെ അട്ടിമറിക്കപ്പെടുകയാണെന്ന ആശങ്ക സാംഗത്യമുള്ളതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പുലർത്തേണ്ട ജാഗ്രതയോ സന്തുലിതാവസ്ഥയോ ഈ പ്രതികരണങ്ങളിൽ കാണാനില്ല.

വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യുന്നതിൽ കാലാകാലങ്ങളിൽ ഭരണകൂടവും മാനേജ്‌മെന്റുകളും പുലർത്തിയ ചരിത്രപരമായ അനാസ്ഥയാണ് ഇന്നീ ദുരന്തത്തിന് വഴിവെച്ചത്. ആ വീഴ്ചകൾ തിരുത്താൻ തയ്യാറാകാതെ, പാവപ്പെട്ട മനുഷ്യരെയും വഖഫ് ബോർഡിനെയും ഒരേ അളവുകോലിൽ വെച്ച് കാണുന്നത് അനീതിയാണ്. മാനേജ്‌മെന്റുകളുടെ പിഴവുകൾക്ക് സാധാരണക്കാരായ മനുഷ്യർ കുടിയൊഴിപ്പിക്കലിന്റെ ഭീഷണി നേരിടേണ്ടി വരുന്നത് അങ്ങേയറ്റം വേദനാജനകമാണ്. സമുദായത്തിനകത്ത് ഇത്തരം വീഴ്ചകൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ കർശനമായ ആത്മപരിശോധനയും ജാഗ്രതയും അനിവാര്യമാണ്.

ഭൂമി വഖഫിന്റേതാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് തന്നെ, വില കൊടുത്തു വാങ്ങി വർഷങ്ങളായി അവിടെ താമസിക്കുന്നവർക്ക് നീതി ഉറപ്പുവരുത്താൻ സർക്കാർ ക്രിയാത്മകമായ വഴി കാണണം. അതേസമയം, അനധികൃതമായി ഭൂമി കൈയേറിയവരെ സംരക്ഷിക്കുന്ന നിലപാടുകളിൽ നിന്നും പിന്മാറാനും സർക്കാർ തയാറാവണം. സംഘ്പരിവാറിൽ രക്ഷകനെ തിരയുന്ന ചിലരെങ്കിലും മുനമ്പത്തുണ്ട്. സംഘ്പരിവാർ ഉയർത്തുന്ന കപട സ്‌നേഹം കേരളത്തിലെ പ്രബലമായ രണ്ട് സമുദായങ്ങളെ തമ്മിലകറ്റാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. മുനമ്പം നിവാസികളുടെ നീതിക്കൊപ്പം മുസ്‌ലിം സമുദായ നേതൃത്വം ഒന്നടങ്കം നിലയുറപ്പിച്ചിരുന്നു എന്നത് ഈ സന്ദർഭത്തിൽ സവിശേഷമായി ഓർക്കേണ്ടതുണ്ട്.

മുനമ്പത്തെ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവർ കേരളത്തിന്റെ സാഹോദര്യത്തെയാണ് അപകടത്തിലാക്കുന്നത്. മുനമ്പത്തെ മനുഷ്യർക്ക് നീതി ലഭിക്കണം, വഖഫ് സ്വത്ത് സംരക്ഷിക്കപ്പെടുകയും വേണം. ഈ രണ്ട് ലക്ഷ്യങ്ങളും ഒരേസമയം സാധ്യമാകുന്ന നീതിപൂർവ്വമായ ഒത്തുതീർപ്പിനായി സർക്കാർ അടിയന്തരമായി മുൻകൈ എടുക്കണം. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറം മനുഷ്യപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട്, ഈ പ്രതിസന്ധിയെ പരിഹരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Protect Waqf, Ensure Justice to Munambam Families: Solidarity to Govt
Next Story