അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന; സിംഗിൾ ബെഞ്ച് സ്പെഷൽ സിറ്റിങ് നടത്തി വാദം കേൾക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ് എന്നീ പ്രതികളുടെ ഫോണുകൾ വിട്ടുകിട്ടാൻ പ്രോസിക്യൂഷൻ ഹൈകോടതിയിൽ നൽകിയ ഉപഹരജി ശനിയാഴ്ച രാവിലെ പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് സ്പെഷൽ സിറ്റിങ് നടത്തി ഹരജി പരിഗണിക്കും. ദിലീപിന്റെ കേസിൽ തുടർച്ചയായി രണ്ടാം തവണയാണ് സിംഗിൾ ബെഞ്ച് ശനിയാഴ്ച സ്പെഷൽ സിറ്റിങ് നടത്തി വാദം കേൾക്കുന്നത്.
അന്വേഷണസംഘം പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തി പിടിച്ചെടുത്തത് പുതിയ ഫോണുകളായിരുന്നു. ഗൂഢാലോചന നടത്തിയ സമയത്ത് പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയെങ്കിലും, ഇവയിൽ കൃത്രിമം കാണിച്ച് വ്യാജ തെളിവുകൾ ഉണ്ടാക്കുന്നത് തടയാൻ ഫോറൻസിക് പരിശോധനക്ക് നൽകിയെന്നും ഇതു പൂർത്തിയായശേഷം ഫോൺ കോടതിയിൽ സമർപ്പിക്കുമെന്നുമാണ് ദിലീപ് മറുപടി നൽകിയത്. തുടർന്നാണ് പ്രോസിക്യൂഷൻ വെള്ളിയാഴ്ച ഹൈകോടതിയെ സമീപിച്ചത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ, അന്വേഷണവുമായി സഹകരിക്കണമെന്നും ഏതെങ്കിലും തരത്തിൽ ഇടപെടലുണ്ടായാൽ ഗൗരവമായി കാണുമെന്നും സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
അന്വേഷണവുമായി ഇവർ സഹകരിക്കുന്നില്ലെന്നും ഫോൺ നൽകാത്തത് കോടതി നിർദേശത്തിന്റെ ലംഘനമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി വാദിച്ചു. പ്രതികൾതന്നെ ഫോൺ ഫോറൻസിക് പരിശോധനക്ക് നൽകുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. കേസിൽ ഫോണുകൾ നിർണായകമായ തെളിവാണ്. ദിലീപിനെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യുന്നതു വിലക്കി കോടതി നൽകിയ സംരക്ഷണം പിൻവലിക്കണം. ഫോണുകൾ കണ്ടെടുക്കാൻ അന്വേഷണസംഘത്തിന് വഴിയൊരുക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ ഫോൺ സംഭാഷണങ്ങൾ ഉപയോഗിച്ച് വ്യാജരേഖ ചമച്ചാണ് അന്വേഷണസംഘം ദിലീപിനെ പ്രതിയാക്കിയതെന്നും ഈ കേസിലും അത് ആവർത്തിക്കാതിരിക്കാനാണ് സ്വന്തം നിലക്ക് ഫോറൻസിക് പരിശോധനക്ക് നൽകിയതെന്നും ദിലീപിന്റെ അഭിഭാഷകൻ വിശദീകരിച്ചു. അന്വേഷണസംഘം വ്യാജ തെളിവുകൾ ഉണ്ടാക്കുമെന്ന് ഭയമുണ്ടെന്നും വ്യക്തമാക്കി. ദിലീപിന്റെ സീനിയർ അഭിഭാഷകൻ ബി. രാമൻ പിള്ളക്ക് ഹാജരായി വാദിക്കാൻ ഹരജി മാറ്റണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

