വസ്തുവിൽപന: കരാർ രജിസ്ട്രേഷന് ഉടമയും വാങ്ങുന്നയാളും സബ് രജിസ്ട്രാർ ഒാഫിസിലെത്തണം
text_fieldsതിരുവനന്തപുരം: വസ്തുവിൽപനയുടെ കരാർ രജിസ്റ്റർ ചെയ്യണമെങ്കിൽ ഇനിമുതൽ ഭൂ ഉടമയും അഡ്വാൻസ് നൽകുന്നയാളും സബ് രജിസ്ട്രാർ ഒാഫിസിലെത്തണം. അഡ്വാൻസ് തുക കൈപ്പറ്റി നിശ്ചിത കാലാവധിക്കുള്ളിൽ വസ്തുവിെൻറ ബാക്കി തുക കൈപ്പറ്റി വസ്തു രജിസ്റ്റർ ചെയ്തുനൽകാമെന്ന് ഭൂ ഉടമ മാത്രം എഴുതുന്ന നിലയിലുള്ള കരാർ പത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്യുന്നത്.
എന്നാൽ, ഇത്തരത്തിലുള്ള കരാർ പത്രങ്ങൾ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നുള്ള നിർദേശം സബ് രജിസ്ട്രാർമാർക്ക് ലഭിച്ചു. പുതിയ നിർദേശമനുസരിച്ച് ഭൂ ഉടമകളും വസ്തു വാങ്ങുന്നവരും ചേർന്ന് കരാർ ഉടമ്പടി എഴുതി, ഫോട്ടോകൾ പതിച്ച് ഹാജരാക്കുന്ന കരാർ പത്രങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യൂ. ഹൈകോടതിയുടെ 15/07/2016 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. കരാർ ആധാരങ്ങൾ ഉഭയസമ്മതപ്രകാരമുള്ള ഉടമ്പടിയായതിനാൽ ഭൂ ഉടമയും വാങ്ങാൻ അഡ്വാൻസ് നൽകുന്ന ആളും സബ് രജിസ്ട്രാർ ഒാഫിസിലെത്തി സമ്മതം രേഖപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഇതോടെ വിദേശത്ത് ജോലിചെയ്യുന്നവർക്ക് സംസ്ഥാനത്ത് വസ്തു വാങ്ങുന്നതിനുള്ള നടപടി സങ്കീർണമാകും. വസ്തു വാങ്ങുന്നതിന് അഡ്വാൻസ് നൽകി കരാർ എഴുതുമ്പോൾ വിദേശത്ത് ജോലിനോക്കുന്നവർ ഇനിമുതൽ നാട്ടിലെത്തേണ്ടിവരും. ഒരുമാസം മുതൽ വർഷത്തിലേറെ വരെ നീളുന്ന കാലാവധിയിലാണ് പലപ്പോഴും കരാർ പത്രങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. രജിസ്റ്റർ ചെയ്യാത്ത കരാർ ഉടമ്പടികൾക്ക് നിയമസാധുത ഇല്ലാത്തതിനാൽ അടുത്തിടെയായി കരാർ പത്രങ്ങൾ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിയിരുന്നു.
എന്നാൽ, വിലയാധാരം രജിസ്റ്റർ ചെയ്യുമ്പോൾ വാങ്ങുന്നയാൾ സബ് രജിസ്ട്രാർ ഒാഫിസിൽ എത്തേണ്ടതില്ല. വിലയാധാരത്തിൽ വാങ്ങുന്നയാളുടെ ഫോട്ടോ പതിച്ച് വിരലടയാളം രേഖപ്പെടുത്തിയാൽ മതി.
കൈമാറ്റങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും അഡ്വാൻസ് നൽകുന്ന അവസരത്തിലും പണമായി 20,000 രൂപയിൽ കൂടുതൽ നൽകാനും പാടില്ല. വസ്തു കൈമാറ്റംചെയ്യുന്ന ആധാരത്തിൽ 20,000 രൂപയിൽ അധികമുള്ള ഇടപാടുകൾ ചെക്ക്, ഡ്രാഫ്റ്റ് മുഖേനയോ ബാങ്ക് മുഖേനയോ പണം കൈപ്പറ്റി ആ വിവരം കൈമാറ്റംചെയ്യുന്ന പ്രമാണത്തിൽ പ്രതിപാദിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
