മലബാറിന്റെ ട്രെയിനുകൾ നിർത്തിയിടാനുള്ള കുപ്പത്തൊട്ടിയല്ല മംഗളൂരുവെന്ന് പ്രചാരണം; പിന്നിൽ പ്രാദേശിക വാദവും
text_fieldsകണ്ണൂർ: പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരുവിനെ വേർപെടുത്തിയ റെയിൽവേ ബോർഡ് തീരുമാനത്തിലേക്ക് നയിച്ചതിനു പിന്നിൽ ദക്ഷിണ കന്നഡ ജില്ലയിലെ അതിരുവിട്ട പ്രാദേശിക വാദവും. പാലക്കാട് ഡിവിഷൻ ട്രെയിനുകളുടെ ‘ഡംപിങ് യാർഡ്’ ആണ് മംഗളൂരു എന്നാണ് ദക്ഷിണ കന്നഡ ജില്ല ആസ്ഥാനമായുള്ള ഈ ലോബിയുടെ കാലങ്ങളായുള്ള പ്രചാരണം. ദക്ഷിണ റെയിൽവേക്ക് തമിഴ്നാടിനോടും കേരളത്തോടുമാണ് താൽപര്യമെന്നും ഈ വിഭാഗം പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.
കേരളത്തിന് അനുവദിച്ച രണ്ട് വന്ദേഭാരത് എക്സ്പ്രസും കാസർകോട്ട് ഓട്ടം അവസാനിപ്പിക്കേണ്ടി വന്നതും ഈ സംഘത്തിന്റെ സമ്മർദ ഫലമായാണ്. ഒരു വന്ദേഭാരത് പിന്നീട് മംഗളൂരുവിലേക്ക് നീട്ടാൻ നിർബന്ധിതമായി.
വംശീയതയോളം വരുന്ന പ്രാദേശിക വാദ ലോബി റെയിൽവേയുടെ പുതിയ തീരുമാനത്തിൽ ആഹ്ലാദത്തിലാണ്. ബി.ജെ.പി ശക്തി കേന്ദ്രമായ ദക്ഷിണ കന്നഡ ജില്ലയിലാണ് കേരള വിരോധം ലക്ഷ്യമിട്ടുള്ള ഈ ലോബിയുള്ളത്. മലബാറിന്റെ ട്രെയിനുകൾ നിർത്തിയിടാനുള്ള കുപ്പത്തൊട്ടിയല്ല മംഗളൂരു എന്നാണ് ഇവരുടെ മുഖ്യപ്രചാരണായുധം.
മംഗളൂരു-ഗോവ വന്ദേ ഭാരതിൽ 70 ശതമാനം സീറ്റും കാലിയാണ്. എന്നാൽ, മംഗളൂരു- തിരുവനന്തപുരം റൂട്ടിലെ വന്ദേഭാരതിൽ സീറ്റൊഴിവേയില്ല. ഇതാണ് യാഥാർഥ്യമെങ്കിലും കേരളം വഴി പുതിയ ട്രെയിൻ അനുവദിക്കുന്നതിൽ ഇവർ എന്നും അസ്വസ്ഥരാണ്. ഹാസൻ വഴി ബംഗളൂരുവിൽനിന്ന് മംഗളൂരുവരെ ഓടിയ ട്രെയിൻ കണ്ണൂരിലേക്ക് നീട്ടിയപ്പോൾ കടുത്ത പ്രതിഷേധമാണ് അന്ന് ഉയർത്തിയത്. ഇ. അഹമ്മദ് കേന്ദ്ര സഹമന്ത്രിയായിരിക്കെ എടുത്ത തീരുമാനത്തിനെതിരെ ഈ ലോബി മുട്ടാത്ത വാതിലുകളില്ല.
ഈ ട്രെയിൻ പിന്നീട് കോഴിക്കോട്ടേക്ക് നീട്ടാൻ 2024ൽ റെയിൽവേ ബോർഡ് തീരുമാനിച്ചപ്പോഴും ഈ ലോബി എതിർപ്പു തുടർന്നു. എം.കെ. രാഘവൻ എം.പിയുടെ നിരന്തര ശ്രമഫലമായി ഈ വർഷം ബംഗളൂരു ട്രെയിൻ കോഴിക്കോടുവരെ നീട്ടാൻ ഒടുവിൽ നിർബന്ധിതമായി.
മംഗളൂരു ഡിവിഷൻ ഇല്ലെങ്കിൽ മൈസൂരുവിന്റെ ഭാഗമാക്കി കേരളത്തിൽനിന്ന് അടർത്തുക മാത്രമാണ് ഇവരുടെ ആവശ്യം. പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരുവിനെ വേർപെടുത്തിയതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് കർണാടക ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്.
വാട്സ്ആപ് ഗ്രൂപ്പുകളിലും ഈ ആവേശം പ്രകടമാണ്. ചെന്നൈ മെയിലിന്റെ നെയിം ബോർഡിൽനിന്ന് മലയാളം മാറ്റണമെന്ന ആവശ്യംവരെ ഇപ്പോൾ ഗ്രൂപ്പുകളിൽ ഉയരുന്നുണ്ട്.
കർണാടക ഭരിക്കുന്നത് കോൺഗ്രസായിട്ടും അവിടുത്തെ ബി.ജെ.പി താൽപര്യത്തോടൊപ്പമാണ് കേരളത്തിലെ ബി.ജെ.പിയും. റെയിൽവേ തീരുമാനത്തെ കേരളത്തിലെ മുഴുവൻ പാർട്ടികളും എതിർക്കുമ്പോൾ ബി.ജെ.പി പിന്തുണക്കുകയാണ്. തീരുമാനം പാലക്കാട് ഡിവിഷനെ ഒരുനിലക്കും ബാധിക്കില്ലെന്നും കോൺഗ്രസും സി.പി.എമ്മും പറയുന്നത് അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

