സി.പി.എം അധ്യാപക സംഘടന നേതാവിന്റെ പ്രമോഷൻ: യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് രാജ് ഭവൻ
text_fieldsതിരുവനന്തപുരം:കേരള സർവകലാശാലയിലെ സി.പി.എം അധ്യാപക സംഘടന നേതാവിന് അസോസിയേറ്റ് പ്രഫസർ നിയമനം നൽകിയത് ഗവർണറുടെ നിർദേശപ്രകാരം വീണ്ടും ചർച്ച ചെയ്യാൻ കേരള സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം തിങ്കളാഴ്ച. കരാർ അധ്യാപന നിയമന കാലയളവ് അസോസിയേറ്റ് പ്രഫസർ പ്രമോഷന് കണക്കാക്കുന്നത് യൂ.ജി.സി ചട്ടങ്ങൾക്ക് എതിരാണെന്നും, നസീബിന്റെ പ്രമോഷൻ തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും വി.സി ക്കും നിവേദനം നൽകിയിരുന്നു.
അജണ്ട ഒഴിവാക്കിയാണ് രജിസ്ട്രാർ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. യോഗ അജണ്ട മുൻകൂറായി അറിയിക്കണമെന്ന പതിവ് വ്യവസ്ഥ ലംഘിച്ചത്, നേതാവിന്റെ പ്രമോഷൻ വിഷയത്തിൽ രാജ് ഭവന്റെ നിലപാട് പരസ്യമാക്കാതെ ചർച്ച ചെയ്യാനെന്ന് ആക്ഷേപമുണ്ട്.
സർവകലാശാലയിലെ സിപിഎം അധ്യാപക സംഘടന നേതാവും സിൻഡിക്കേറ്റ് അംഗവുമായ ഡോ.എസ്. നസീബിന്റെ പ്രമോഷൻ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ വി.സി യുടെ റിപ്പോർട്ടിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സിൻഡിക്കേറ്റ് അടിയന്തിര പ്രത്യേക യോഗം ചേരുന്നത്.
സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ച കാലയളവ് കൂടി പരിഗണിച്ച് നസീബിനെ അസോസിയേറ്റ് പ്രഫസറായി നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചുവെങ്കിലും യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രമോഷൻ അംഗീകരിക്കാതെ വി.സി. ഡോ: മോഹനൻ കുന്നുമ്മൽ ഗവർണറുടെ തീരുമാനത്തിന് വിടുകയായിരുന്നു.
അതിനിടെ സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്ത വി.സി യുടെ നിലപാട് ചോദ്യം ചെയ്ത് ഡോ:നസീബ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഗവർണർ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ മാസം നിയമസഭ പാസാക്കിയ സർവകലാശാല നിയമഭേദഗതി ബില്ലിൽ പി.വി.സിയുടെ യോഗ്യത പ്രഫസർ പദവിയിൽ നിന്നും അസോസിയേറ്റ് പ്രഫസർ ആയി താഴ്ത്താൻ തീരുമാനിച്ചത് ഈ സംഘടനാ നേതാവിന് പി.വി.സിയായി നിയമനം നൽകുന്നതിന് വേണ്ടിയാണെന്ന ആക്ഷേപമുണ്ടായിരുന്നുവെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

