വാഗ്ദാനം ചെയ്ത സ്ഥലങ്ങൾ കാണിച്ചില്ല; ട്രാവൽ ഏജൻസി 78,000 രൂപ നഷ്ടപരിഹാരം നൽകണം
text_fieldsകൊച്ചി: ആകർഷകമായ പാക്കേജ് ഒരുക്കി യാത്രക്കാരെ ഡൽഹിവരെ എത്തിച്ചശേഷം വാഗ്ദാനം ലംഘിച്ച ടൂർ കമ്പനി 78,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശി പി.കെ. വിശ്വനാഥൻ, ട്രാവൽ വിഷൻ ഹോളിഡെയ്സ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് നടപടി.
ഡൽഹി, ആഗ്ര, കുളു, മണാലി, അമൃത്സർ, വാഗാ അതിർത്തി തുടങ്ങിയ കേന്ദ്രങ്ങളിൽ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ബുക്കിങ് സ്വീകരിച്ചത്. എന്നാൽ, വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ നൽകിയില്ല. സന്ദർശന സ്ഥലങ്ങളും വെട്ടിച്ചുരുക്കി. വിശ്വനാഥനും ഭാര്യയും അടക്കം 42 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ വോൾവോ എ.സി സെമി സ്ലീപ്പർ ഡീലക്സ് ബസിൽ എത്തിക്കും എന്നായിരുന്നു വാഗ്ദാനം.
എന്നാൽ, സാധാരണ എ.സി ബസ് ആണ് നൽകിയത്. താമസത്തിന് നിലവാരമുള്ള ഹോട്ടൽ മുറിയും നൽകിയില്ല. ഏഴ് രാത്രി ത്രീസ്റ്റാർ സൗകര്യമുള്ള മുറി നൽകുമെന്ന് പറഞ്ഞിട്ട് മൂന്നുരാത്രി ബസിൽതന്നെ കഴിയേണ്ടിവന്നെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. ത്രീസ്റ്റാർ സൗകര്യങ്ങൾതന്നെ നൽകിയെന്ന് ചില ഫോട്ടോകൾ കാണിച്ച് ടൂർ കമ്പനി വാദിച്ചെങ്കിലും വിശ്വാസയോഗ്യമല്ലെന്ന് കോടതി കണ്ടെത്തി.
പണവും ആരോഗ്യവും നഷ്ടപ്പെട്ട യാത്രാസംഘത്തിന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതയും അധാർമിക വ്യാപാര രീതിയും വ്യക്തമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 75,000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം നൽകാൻ ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

