‘മനുഷ്യ സ്‌നേഹിയായ പൊതുപ്രവര്‍ത്തകൻ...’; ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖർ
text_fieldsതിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു. ലീഗിന്റെയും യു.ഡി.എഫിന്റെയും പ്രമുഖനായ നേതാവും കഴിവുറ്റ മന്ത്രിയും ആയിരുന്നു. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് റോഡും പാലവും ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസന രംഗത്ത് വലിയ മാറ്റങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കിയത്.
മനുഷ്യ സ്‌നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു. വ്യക്തിപരമായി വലിയ സൗഹൃദം അദ്ദേഹവുമായി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ വേര്‍പാട് വലിയ നഷ്ടവും ദുഖഃവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
കെ.സി. വേണുഗോപാല്‍ എം.പി (എ.ഐ.സി.സി ജനറല്‍ സെക്രട്ടറി)
സാധാരണക്കാരെ ഉള്‍ക്കൊണ്ടും മനസിലാക്കിയും എപ്പോഴും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. കഠിനാധ്വാനിയായ രാഷ്ട്രീയനേതാവ് എന്നതിന് പുറമെ, ജനപ്രതിനിധി, ഭരണാധികാരി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡുകളും പാലങ്ങളും പണിയുന്നതില്‍ റെക്കോഡ് വേഗം കൈവരിച്ചു. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാലം തെളിയിച്ചു.
മധ്യകേരളത്തില്‍ ലീഗിന്റെയും യു.ഡി.എഫിന്റെയും ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച ഇബ്രാഹിംകുഞ്ഞ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയായിരുന്നു. ദീര്‍ഘനാളത്തെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. നിയമസഭയിലും ഒന്നാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും ഇബ്രാഹിംകുഞ്ഞുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചു. മൂന്നുപതിറ്റാണ്ടു മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയവരില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞ് നിര്‍ണായക പങ്കുവഹിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ വേര്‍പാട് യു.ഡി.എഫിനും മുസ്ലീം ലീഗിനും വലിയ നഷ്ടമാണ്.
എം.എം. ഹസന്‍ (കെ.പി.സി.സി മുന്‍ പ്രസിഡന്റ്)
ജനസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ്. സാധാരണ പ്രവര്‍ത്തകനായി താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് ഉയര്‍ന്ന് വന്ന് കേരളത്തില്‍ ലീഗീന്റെ പ്രമുഖ മുഖങ്ങളിലൊന്നായി മാറാന്‍ ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും സഹജീവി സ്‌നേഹവും കൊണ്ടാണ്. ജനപ്രതിനിധി എന്ന നിലയില്‍ പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലത്തിലും മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം മികച്ച മാതൃകയാണ്. സാധാരണ ജനങ്ങള്‍ക്ക് എപ്പോഴും പ്രാപ്യനായ നേതാവ്. അധികാരത്തിന്റെ അഹംഭാവവും ധാര്‍ഷ്ട്യവും ഒരിക്കലും പ്രകടിപ്പിക്കാത്ത ജനകീയ നേതാവ്. വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണം യു.ഡി.എഫിനും ലീഗിനും വലിയ നഷ്ടമാണ്. വ്യക്തിപരമായി നല്ലൊരു സുഹൃത്തിനെ കൂടിയാണ് തനിക്ക് നഷ്ടമായത്.
തമ്പാനൂര്‍ രവി (മുൻ എം.എൽ.എ)
വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിലൂടെ ജനകീയനും മനുഷ്യ സ്‌നേഹിയുമായ പൊതുപ്രവര്‍ത്തകനെയാണ് യു.ഡി.എഫിന് നഷ്ടമായത്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്. ഒരേ കാലഘട്ടത്തില്‍ ഞങ്ങള്‍ ഇരുവരും നിയമസഭയില്‍ പ്രവര്‍ത്തിച്ചിരുന്നു. നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. പൊതുവെ ശാന്തശീലനും സൗമ്യനുമായ ഇബ്രാഹിംകുഞ്ഞ് എല്ലാക്കാലവും സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവാണ്.
രമേശ് ചെന്നിത്തല (കോൺഗ്രസ് പ്രവർത്തക സമിതി അംഗം)
നല്ലൊരു സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഒരേ മുന്നണിയുടെ നേതാക്കൾ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം. മന്ത്രിമാർ എന്നനിലയിലും നിയമസഭാ സാമാജികർ എന്ന നിലയിലും വളരെ അടുത്ത് പ്രവർത്തിക്കാനായി. വ്യവസായമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലകളിളെല്ലാം വലിയ സംഭാവനകൾ അദ്ദേഹം കേരളീയ സമൂഹത്തിനു നൽകി. വി.കെ. ഇബ്രാഹിം കുഞ്ഞ് കടന്നുപോകുമ്പോൾ നമ്മുടെ ജനാധിപത്യ മതേതര സമൂഹത്തിന് അതൊരു തീരാനഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

