അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കണം -ആഭ്യന്തര മന്ത്രി
text_fieldsപ്രോജക്ട് സീറോ' വിജിലന്‍സ് കമാന്‍ഡോ പദ്ധതിയുടെ കോഴിക്കോട് റെയ്ഞ്ച് തല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‍ലാം കാമ്പസില്‍ നിര്‍വഹിക്കുന്നു
കോഴിക്കോട്: അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കാന്‍ എല്ലാവരും തയാറാകണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ അഴിമതിരഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ യുവാക്കളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച 'പ്രോജക്ട് സീറോ' വിജിലന്‍സ് കമാന്‍ഡോ പദ്ധതിയുടെ കോഴിക്കോട് റെയ്ഞ്ച് തല ഉദ്ഘാടനം വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‍ലാം കാമ്പസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിന്ന് അഴിമതി പൂർണമായി തുടച്ചുനീക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പാണ് 'പ്രോജക്ട് സീറോ' പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ പണം നല്‍കണമെന്ന ജനങ്ങള്‍ക്കിടയിലുള്ള തെറ്റായ ചിന്താഗതിക്ക് മാറ്റം വരേണ്ടതുണ്ടെന്ന് മന്ത്രി ഓർമിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും അത് നേടിയെടുക്കാന്‍ കൈക്കൂലി നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരോട് ഒരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരിപാടിയോടനുബന്ധിച്ചുള്ള കാമ്പയിന്‍ ബാഡ്ജ് വിതരണവും വിഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. സദസ്സിന് അഴിമതിക്കെതിരെയുള്ള പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ അഡ്വ. കെ. ജയന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ല കലക്ടര്‍ എം.എസ്. മാധവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കവിയും എഴുത്തുകാരനുമായ സോമന്‍ കടലൂര്‍, സിനിമാതാരം നീരജ് മാധവ് എന്നിവര്‍ മുഖ്യാതിഥികളായി. ഡി.ജി.പിയും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണര്‍ എ.പി. ഷൗക്കത്തലി, എസ്.പിമാരായ സി.എം. ദേവദാസ്, ബാലകൃഷ്ണന്‍ നായര്‍, ജെ.ഡി.ടി ഇസ്‍ലാം ഓര്‍ഫനേജ് ആന്‍ഡ് എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പ്രസിഡന്റ് ഡോ. പി.സി. അന്‍വര്‍, സെക്രട്ടറി സി.എ. ഹാരിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
അഴിമതിക്കെതിരെ യുവതലമുറയെ സജ്ജരാക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് മാന്വല്‍ പരിഷ്‌കരിക്കല്‍, ആഭ്യന്തര വിജിലന്‍സ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനശില്‍പശാലകള്‍, വിജിലന്‍സ് കമാന്‍ഡോകളുടെ വിന്യാസം, സുതാര്യതയും മര്യാദയും ഉറപ്പാക്കുന്ന ബോധവത്കരണ പരിപാടികള്‍ തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങളാണ് പ്രോജക്ട് സീറോ വഴി നടപ്പാക്കുന്നത്.
അഴിമതി ശ്രദ്ധയിൽപെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 1064 എന്ന ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിയുടെ പ്രചാരണാർഥം അഴിമതിക്കെതിരെ സന്ദേശമുയര്‍ത്തി 'നേരിന്റെ ചുവടുകള്‍' എന്ന പേരിലുള്ള നൃത്തശില്‍പവും 'ജീവിതത്തിന് വിലങ്ങുതീര്‍ത്തവര്‍' എന്ന നാടകവും അരങ്ങേറി. പദ്ധതിയുടെ ഭാഗമാകാന്‍ താൽപര്യമുള്ള യുവാക്കള്‍ക്ക് www.vigilance.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിജിലന്‍സ് കമാന്‍ഡോ ആയി രജിസ്റ്റര്‍ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

