പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ല; വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനമായ തിങ്കളാഴ്ച, കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും വോട്ടെണ്ണൽ ദിവസം ജില്ലയിൽ പടക്ക വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം വിജയാഘോഷങ്ങൾക്ക് തടസമുണ്ടാകില്ലെങ്കിലും, ആഘോഷങ്ങൾ അതിരുവിട്ടാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് ജെ.ഡി.ടിയിലെ സ്ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ല. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികൾക്കെതിരെ യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ച ശേഷമാണ് ഈ വിശദീകരണം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകൾ സുരക്ഷിതമാണെന്നും വോട്ടിങ് മെഷീനുകളിൽ യാതൊരു വിധത്തിലുള്ള ക്രമക്കേടുകളും നടന്നിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതായി ജില്ലാ കലക്ടർ വ്യക്തമാക്കി.
പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂമാണ്. ഇ.വി.എം സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറന്നിട്ടില്ല. കൊയിലാണ്ടി വരണാധികാരി സ്ട്രോങ്ങ് റൂമിന് സമീപം പോയത് ചട്ടപ്രകാരമുള്ള പതിവ് പരിശോധനയുടെ ഭാഗമാണ്. ഈ സ്ഥലങ്ങളിൽ യാതൊരുവിധ സുരക്ഷാ പരിധിയും ലംഘിച്ചില്ല. ഈ സാഹചര്യത്തിൽ പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും അവർക്കെതിരെ മറ്റ് നടപടികൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന യു.ഡി.എഫിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. നിലവിലെ നിയമപ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വിവിപാറ്റുകൾ മാത്രമേ എണ്ണുകയുള്ളൂ. പ്രത്യേകമായ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രമേ കൂടുതൽ വിവിപാറ്റുകൾ എണ്ണുന്നത് പരിഗണിക്കുകയുള്ളൂ എന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

