കള്ളങ്ങളും നുണകളും നിറച്ച പ്രോഗ്രസ് റിപ്പോര്‍ട്ട്.; രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയ സി.പി.എം ശവംതീനികളെന്നും വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
ഇടുക്കി: പ്രോഗ്രസ് കാര്‍ഡിലെ അവകാശവാദങ്ങളെല്ലാം നുണകളുടെ കൂമ്പാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ നേരത്തെയുണ്ടായിരുന്ന 38 പേജ് 24 പേജായി കുറഞ്ഞു. പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്. അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016ലെ വാഗ്ദാനമായിരുന്നു. എന്നിട്ടാണ് പത്ത് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ പണിതെന്നു പറയുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 443000 വീടുകള്‍ പൂര്‍ത്തിയാക്കുകയും അമ്പതിനായിരം വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ആ അമ്പതിനായിരം കൂടി ഇവരുടെ അഞ്ച് ലക്ഷത്തില്‍ ഉള്‍പ്പെടുത്തി. യഥാര്‍ഥത്തില്‍ ഈ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് നാലരലക്ഷം വീടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകളുമാണ് പണിതത്. പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മിച്ചതെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്നും സതീശൻ ഇടുക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 1600 രൂപയില്‍നിന്നു 2000 രൂപയാക്കുമെന്നതായിരുന്നു 2021ലെ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നിട്ട് നാലേമുക്കാല്‍ വര്‍ഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തിെഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് 400 രൂപ കൂട്ടി. ഇവര്‍ പറഞ്ഞ 2500 രൂപ എവിടെ പോയി. ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. 1600 രൂപ 2000 രൂപയാക്കാമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തില്‍ വന്നവര്‍ നാലേമുക്കാല്‍ വര്‍ഷവും ഒരു ചില്ലിക്കാശ് പോലും കൂട്ടാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 2000 ആക്കി. അപ്പോഴും 2500 ആക്കിയില്ല. റബറിന് 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ആരോഗ്യരംഗത്ത് കാരുണ്യപദ്ധതി ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളും കടമാക്കി. ഹൃദ്യവും ആശ്വാസകിരണവും ഇല്ലാതായി. ആരോഗ്യരംഗത്ത് നേരത്തെയുണ്ടായിരുന്ന പദ്ധതികള്‍ പോലും ഇല്ലാതാക്കി ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കി. മത്സ്യ തൊഴിലാളികളെ സംരക്ഷിച്ചെന്നതാണ് അടുത്ത അവകാശവാദം. ഉമ്മന്‍ ചണ്ടി സര്‍ക്കാറിന്റെ കാലത്ത് മണ്ണെണ്ണയ്ക്ക് 40 രൂപ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ 25 രൂപ സബ്‌സിഡി നല്‍കി. ഇപ്പോള്‍ മാര്‍ക്കറ്റ് വില 110 രൂപയായിട്ടും ഒരു രൂപ സബ്‌സിഡി കൂട്ടിയില്ലെന്നു മാത്രമല്ല 25 രൂപ പോലും നല്‍കുന്നില്ല.
മത്സ്യത്തൊഴിലാളി മേഖലക്ക് പന്തീരായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് അവരെ കബളിപ്പിച്ചു. ഇടുക്കി ജില്ലയിലെ മുഴുവന്‍ ഭൂ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രോഗ്രസ് കാര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നതും പച്ചക്കള്ളമാണ്. ഇടുക്കിയിലെ ഏത് പ്രശ്‌നമാണ് പരിഹരിച്ചത്? പട്ടയ പ്രശ്‌നങ്ങളെല്ലാം പഴയതു പോലെ നിലനില്‍ക്കുകയാണ്. സി.എച്ച്.ആര്‍ വിഷയവും പട്ടയ കേസും കോടതിയില്‍ നിലനിക്കുകയാണ്. സി.എച്ച്.ആര്‍ പോലും വനഭൂമിയാക്കി മാറ്റിയിട്ട് ഡീ നോട്ടിഫൈ ചെയ്യുമെന്ന് പറഞ്ഞ വാക്കും പാലിച്ചില്ല. കുത്തക പാട്ടവും നല്‍കുന്നില്ല. വ്യാപകമായ ഭൂ പ്രശ്‌നങ്ങള്‍ ഇടുക്കിയില്‍ നിലനില്‍ക്കുമ്പോഴാണ് പ്രോഗ്രസ് കാര്‍ഡില്‍ എല്ലാ പരിഹരിച്ചെന്ന നുണ എഴുതി വച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖം കൊണ്ടു വന്നത് അവരാണെന്നതാണ് മറ്റൊരു അവകാശവാദം. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തുറമുഖത്തിന്റെ മുഴുവന്‍ അനുമതികളും വാങ്ങി സ്ഥലം ഏറ്റെടുത്ത്, കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൗണ്ട് ഡൗണ്‍ ആരംഭിച്ചതാണ്. അന്ന് വിഴിഞ്ഞം പദ്ധതി 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. ഇപ്പോള്‍ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ പിണറായി വിജയന് നാണമില്ലേ? ഗെയ്ല്‍ പൈപ്പ് ലൈനാണ് മറ്റൊരു അവകാശവാദം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പൈപ്പ് ലൈന്‍ ഇട്ടപ്പോള്‍ ഭൂമിയ്ക്കടിയില്‍ ഒളിപ്പിച്ചുവെച്ച ബോംബാണെന്ന് പ്രസംഗിച്ച ആളാണ് ഇന്നത്തെ വ്യവസായ മന്ത്രി പി. രാജീവ്. എന്നിട്ടാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ അവകാശവാദം ഏറ്റെടുക്കുന്നത്. കള്ളങ്ങളും നുണകളും നിറച്ചതാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്. എല്ലാ വകുപ്പുകളും തകര്‍ത്ത് തരിപ്പണമാക്കി. 9 സര്‍വകലാശാലകളില്‍ വി.സിമാരും നിരവധി കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ല. കാലഹരണപ്പെട്ട കോഴ്‌സുകള്‍ പഠിക്കാന്‍ കുട്ടികളില്ല. പിന്നെ എന്ത് ഉന്നതവിദ്യാഭ്യാസ രംഗമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിജയകരമായി നടത്തിയിരുന്ന നെല്ല് സംഭരണം ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണമായും പാളി. എവിടെയാണ് നാളികേരം സംഭരിച്ചത്? എല്ലാ കാര്‍ഷിക വിളകളുടെയും വില ഇടിഞ്ഞ് കര്‍ഷകര്‍ സങ്കടത്തിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കാര്‍ഷിക പാക്കേജുകളും നടപ്പിലാക്കിയില്ല. കള്ളങ്ങള്‍ കെട്ടിവച്ചിരിക്കുന്ന നുണയുടെ കൂമ്പാരമാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്. യു.ഡി.എഫ് സര്‍ക്കാരിന് എതിരായി അവതരിപ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയിലുണ്ട്. അത് ജനങ്ങള്‍ വിചാരണ ചെയ്ത് ഈ മാസം ഒമ്പതിന് അവര്‍ തന്നെ ശിക്ഷ വിധിക്കും.
വയനാട്ടില്‍ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സി.പി.എം കള്ളത്തരം പ്രചരിപ്പിക്കുകയാണ്. പൈസ അടിച്ചു മാറ്റിയെന്നാണ് പറഞ്ഞത്. വയനാടുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടാണ് കെ.പി.സി.സി അധ്യക്ഷന്‍ ഹാജരാക്കിയത്. അതോടെ പച്ചക്കള്ളങ്ങളുടെ ചീട്ട് കൊട്ടാരം വീണു. ശരിക്കും ശവംതൂക്കികള്‍ ആരാണ്? പയ്യന്നൂരിലെ രക്തസാക്ഷിയുടെ ഫണ്ടും അഭിമന്യുവിന്റെയും തിരുവനന്തപുരത്തെ വിഷ്ണുവിന്റെയും രക്തസാക്ഷി ഫണ്ടുകളും ഉള്‍പ്പെടെ പാര്‍ട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്ത കുട്ടികളുടെ പേരില്‍ പിരിവ് നടത്തിയിട്ട് അത് അടിച്ചുമാറ്റിയ സി.പി.എമ്മാണ് ശവംതൂക്കികള്‍. ശവം തൂക്കികളല്ല, ശവംതീനികള്‍.
എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്ന് പറയാന്‍ സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന് വല്ല കാര്യവുമുണ്ടോ. എസ്.ഡി.പി.ഐ തീവ്രവാദ സംഘടനയാണെന്നു പറയുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഖണ്ഡിക പിണറായി വിജയന്‍ വായിച്ചിട്ടില്ല. എം.എ. ബേബി അത് പിണറായി വിജയന് അയച്ച് കൊടുക്കണം. പിണറായി വിജയന് എന്ത് പാര്‍ട്ടി കോണ്‍ഗ്രസ്? എന്ത് എം.എ ബേബി? എന്ത് പോളിറ്റ് ബ്യൂറോ? പിണറായി തീരുമാനിക്കും.
യു.ഡി.എഫിലെ കാര്യം തീരുമാനിക്കാന്‍ ബി.ജെ.പി പ്രസിഡന്റ് ആരാണ്? ഇന്നലെ വരെ കച്ചവടമായിരുന്നു. മൂന്നു തവണ രാജ്യസഭ അംഗമായത് ഏത് പാര്‍ട്ടിയില്‍ നിന്നാണെന്ന് പോലും രാജീവ് ചന്ദ്രശേഖറിന് അറിയില്ല. ആകാശത്ത് നിന്നു നൂലില്‍ കേരളത്തില്‍ കെട്ടിയിറക്കിയ ആള്‍ തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട. മുഖ്യമന്ത്രിയുമായി നടത്തിയ യോഗത്തില്‍ അവ്യക്തത ഉണ്ടായതോടെ ലീഗ് സ്വന്തമായി സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് കുറച്ചുകൂടി കാത്തിരുന്നു. തരുമെന്നാണ് വിചാരിച്ചത്. പക്ഷെ തന്നില്ല. അതുകൊണ്ടാണ് സ്ഥലം വാങ്ങിയത്. വാങ്ങി പുട്ടടിക്കുന്നത് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ശീലമാണ്. രക്‌സാക്ഷികളുടെ ഫണ്ട് വരെ അടിച്ചുമാറ്റി. പൊതുപ്രവര്‍ത്തകര്‍ സൂക്ഷ്മതയോടെ സംസാരിക്കണം. വൈകാരികതയോടെ സംസാരിക്കരുത്. പൊളിറ്റിക്കലി ഇന്‍കറക്ടായ പ്രസ്താവനയാണ് ഇടുക്കി ഡി.സി.സി അധ്യക്ഷന്റേത്. അങ്ങനെ പറയാന്‍ പാടില്ല. പറയുമ്പോള്‍ ശ്രദ്ധിക്കണം. സി.പി.എമ്മിനെ പോലെയല്ല, തങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ടെന്നും പ്രതിപക്ഷ വേതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

