പദ്ധതികള്‍ നിരവധി; അഴിമതിയും മുറപോലെ
text_fieldsവെള്ളമുണ്ട: കൃഷി വികസനത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ ഏറുമ്പോഴും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകര്‍ നടന്നു മടുക്കുന്നു. വയനാട്ടില്‍ 2014 മുതല്‍ വരള്‍ച്ചയിലും കാറ്റിലും മഴയിലും സംഭവിച്ച കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് കിട്ടാനുള്ള കോടികള്‍ ഫയലില്‍ ഉറങ്ങുകയാണ്. 23 കോടി രൂപയാണ് സഹായധനമായി കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്. 2014ല്‍ 3.5ഉം 2015ല്‍ 13.9ഉം 2016ല്‍ 6.2ഉം കോടി രൂപയാണ് കുടിശ്ശിക. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കൃഷി നശിച്ച 1,650 കര്‍ഷകര്‍ക്ക് 3.46 കോടി രൂപയും വടക്കുകിഴക്കന്‍ കാലവര്‍ഷത്തിലുണ്ടായ കൃഷിനാശത്തിന് 19.1 ലക്ഷം രൂപയുമാണ് വിതരണം ചെയ്യാനുള്ളത്.
കൃഷിവകുപ്പിന്‍െറ കണക്കനുസരിച്ച് 2015ലെ വേനല്‍മഴയില്‍ 1,388 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്. ഇവര്‍ക്ക് 2.25 കോടി രൂപ സഹായധനം കിട്ടണം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കൃഷി നശിച്ച 6,079 പേര്‍ക്കുള്ള 11.05 കോടി രൂപയും വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ വിളനാശമുണ്ടായ 54 പേര്‍ക്കുള്ള 1.52 ലക്ഷം രൂപയും ഇതിനു പുറമെയുണ്ട്. 2016ലെ വരള്‍ച്ചയില്‍ കൃഷിനശിച്ച 5,080 പേര്‍ക്ക് 1.62 കോടി രൂപയും വിതരണം ചെയ്യാനുണ്ട്. മഴയില്‍ വിളനാശമുണ്ടായ 1,416 പേര്‍ക്ക് 2.73 കോടി രൂപയും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കൃഷിനശിച്ച 5.42 കര്‍ഷകര്‍ക്ക് 1.85 കോടി രൂപയും പരിഹാരധനമായി കിട്ടാനുണ്ട്.
2014ലെ വേനല്‍കാലം മുതല്‍ 2016ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷംവരെ ജില്ലയിലുണ്ടായ കൃഷിനാശത്തിന് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 17,936 കര്‍ഷകര്‍ക്ക് 28 കോടി രൂപയാണ് സഹായധനം പ്രഖ്യാപിച്ചത്. ഇതില്‍ 27.02 കോടി രൂപ സംസ്ഥാന കൃഷിവകുപ്പന്‍െറ വിഹിതവും ബാക്കി കേന്ദ്ര വിഹിതവുമാണ്. ഇതില്‍ 18.6 കോടി രൂപ നവംബര്‍ 24ന് വിതരണം ചെയ്യുമെന്ന് നവംബര്‍ 21ന് ജില്ലയിലത്തെിയ കൃഷിമന്ത്രി വിഎസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു.
നെല്ല്, വാഴ, കവുങ്ങ്, തെങ്ങ്, കപ്പ, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷിനാശത്തിന്‍െറ നഷ്ടപരിഹാരമാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത്. യഥാര്‍ഥ നഷ്ടത്തിന്‍െറ അടുത്തുപോലും എത്താത്ത നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. രണ്ടുവര്‍ഷംമുമ്പ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കൃഷിയിറക്കി കാലവര്‍ഷത്തില്‍ നഷ്ടം സംഭവിച്ചവര്‍ ഇപ്പോള്‍ തുച്ഛമായ നഷ്ടപരിഹാരത്തിനായി കൃഷിഭവനുകള്‍ കയറിയിറങ്ങുകയാണ്.
ഒരുവശത്ത് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിക്കിടക്കുമ്പോള്‍ മറുവശത്ത് വിതരണം ചെയ്യുന്നവയില്‍ അഴിമതിയും മുറപോലെ നടക്കുന്നുണ്ട്. കൃഷി ചെയ്യാത്തവര്‍ പണം തട്ടിയെടുക്കുകയും കൃഷി ചെയ്തവര്‍ ഒന്നുമില്ലാതെ മടങ്ങുകയും ചെയ്യുന്നുവെന്ന പരാതിയും വ്യാപകമാണ്.
വാഴകൃഷി ചെയ്യാത്ത പലര്‍ക്കും 1000 മുതല്‍ 5000 വാഴകള്‍ക്കുവരെ നഷ്ടപരിഹാരം നല്‍കിയ സംഭവങ്ങള്‍ മുമ്പ് വിവാദമായിരുന്നു. കലക്ടറടക്കം ഇടപെട്ട വിഷയങ്ങളുമുണ്ടായിരുന്നു. പല കൃഷിഭവനുകളിലും ഇത്തരം അഴിമതികള്‍ മുറപോലെ ഇന്നും നടക്കുന്നതായി പരാതിയുണ്ട്. കൃഷിനാശത്തിന്‍െറ കാലം ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്സവകാലമാണ്. ആവശ്യമില്ലാത്ത വളങ്ങളും കീടനാശിനികളും കര്‍ഷകരെ അടിച്ചേല്‍പിക്കുന്നതും പതിവാണ്. അഗ്രോ ക്ളിനിക്, കുരുമുളക് സമിതി, പാടശേഖര സമിതി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെടുന്ന പലരും ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന വിവാദത്തിനും ജില്ലയില്‍ അറുതിയില്ല.
ആവശ്യമില്ലാത്ത വളങ്ങളും കീടനാശിനികളും വാങ്ങേണ്ടിവരുന്നതിലൂടെ വയനാടന്‍ കര്‍ഷകര്‍ വലിയ തോതിലുള്ള നാശനഷ്ടം സംഭവിക്കുന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം കൃഷിഭവനില്‍നിന്ന് സൗജന്യമായി ലഭിച്ച വളം പ്രയോഗിച്ച ഭാഗങ്ങളിലെ കുരുമുളക് വള്ളികളും നെല്ലും വ്യാപകമായി കരിഞ്ഞുണങ്ങിയത് വിവാദമായിരുന്നു. തിരുനെല്ലി, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് പഞ്ചായത്തുകളിലാണ് വ്യാപകമായ കൃഷിനാശമുണ്ടായത്. കര്‍ഷകര്‍ക്ക് നല്‍കിയ വേപ്പിന്‍പിണ്ണാക്കും ഡോളോമൈറ്റും കൃഷിയടത്തില്‍ പ്രയോഗിച്ചവരാണ് വെട്ടിലായത്.
കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത കക്ക അടിച്ചേല്‍പിച്ചതിന്‍െറ പേരില്‍ വെള്ളമുണ്ടയില്‍ മുമ്പ് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സഹായം ഉല്‍പന്നങ്ങളായി വിതരണം ചെയ്ത് അതിലൂടെ ലക്ഷങ്ങള്‍ കമീഷന്‍ കൈപ്പറ്റാന്‍ ചില ഉന്നതര്‍ നടത്തുന്ന നീക്കമാണ് പലപ്പോഴും കര്‍ഷകന്‍െറ കണ്ണീരിനു കാരണമാവുന്നത്. കൃഷിഭവന്‍ മുഖേന കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങളും ഗുണമേന്മ കുറഞ്ഞതാണെന്ന പരാതി കാലങ്ങളായി ഉയരുന്നുണ്ട്.വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക പോലും കര്‍ഷകര്‍ക്ക് നല്‍കാത്ത സര്‍ക്കാര്‍ അവരുടെ പേരില്‍ കാര്‍ഷികമേളകള്‍ നടത്തി ലക്ഷങ്ങള്‍ പൊടിക്കുന്നതും പ്രതിഷേധത്തിനിടയാക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാര്‍ഷിക-പുഷ്പഫല പ്രദര്‍ശനമേളകളുടെ ബഹളമാണ് വയനാട്ടിലെങ്ങും. ജില്ലയിലെ കര്‍ഷകരാവട്ടെ ദുരിതങ്ങളുടെ പെരുമഴയത്തും.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
