പ്രഫഷനുകൾക്കിടയിലെ മുസ്ലിം സ്വത്വം ചർച്ച ചെയ്ത് ‘പ്രൊഫിസിയ’
text_fieldsജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കോഴിക്കോട്ട് സംഘടിപ്പിച്ച പ്രൊഫിസിയ മുസ്ലിം വിമൻസ് പ്രഫഷനൽ സമ്മിറ്റ് കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: നവലിബറൽ, പാശ്ചാത്യ ചിന്താഗതികൾ വേരൂന്നുന്ന പ്രഫഷനൽ മേഖലയിൽ മുസ്ലിം സ്ത്രീ സ്വത്വം ഉയർത്തിപ്പിടിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ‘പ്രൊഫിസിയ’. കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന പ്രഫഷനലുകളായ മുസ്ലിം സ്ത്രീകളെ അണിനിരത്തി ജമാഅത്തെ ഇസ്ലാമി കേരള ഘടകം സംഘടിപ്പിച്ച പ്രൊഫിസിയ സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.
വിദ്യാഭ്യാസരംഗത്തും ഉദ്യോഗങ്ങളിലും വർധിച്ചുവരുന്നു സ്ത്രീ പ്രാതിനിധ്യത്തെ വംശീയമായി അധിക്ഷേപിക്കുന്ന പൊതുബോധത്തെ ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നേരിടണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇസ്ലാമിന്റെ സൗന്ദര്യം തങ്ങളിലൂടെ ഇതര മതസഹോദരങ്ങൾക്ക് പകർന്നുനൽകാൻ മുസ്ലിം വനിത പ്രഫഷനുകൾ തയാറാവണമെന്നും അതിലൂടെ മാത്രമേ അനാവശ്യ ചർച്ചകളെ അവസാനിപ്പിക്കാൻ കഴിയൂ എന്നും ചൂണ്ടിക്കാട്ടി.
ധാർമികത നിലനിർത്തി തൊഴിൽരംഗത്ത് ഉറച്ച ചുവടുറപ്പോടെ മുന്നേറുന്ന തന്റെ അനുഭവങ്ങൾ ക്രിങ്ക് ആപ്പ് കോ ഫൗണ്ടറും പാരന്റിങ് കോച്ചുമായ മറിയം വിധു വിജയൻ പങ്കുവെച്ചത് പ്രൊഫെഷനലുകൾക്ക് പ്രചോദനമായി.
കുടുംബം, തൊഴിലിടം, ബഹുസ്വര സമൂഹത്തിലെ മുസ്ലിം സ്ത്രീ പ്രതിനിധാനം, ഇസ്ലാമിക സാമ്പത്തിക വ്യവഹാരങ്ങൾ, ലിബറലിസം എന്നീ വിഷയങ്ങളിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം എ. റഹ്മത്തുന്നിസ, സി.എസ്.ആർ കേരള ഡയറക്ടർ ടി.കെ.എം ഇക്ബാൽ, ഇത്തിഹാദുൽ ഉലമ കേരള സെക്രട്ടറി സമീർ കാളികാവ്, മീഡിയ വൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ എം.കെ. സുഹൈല എന്നിവർ സംവദിച്ചു. ഇന്റൽ പ്രിൻസിപ്പൽ റശി ഫിത്തർ, ഇഖ്റ ഹോസ്പിറ്റൽ ഫിസിയോതെറപ്പി വിഭാഗം മേധാവി മുഹമ്മദ് നജീബ് എന്നിവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ദാമ്പത്യം, പാരന്റിങ്, സംരംഭകത്വം, ആരാധനാ കർമങ്ങൾ എന്നിവയെക്കുറിച്ചുള്ള സെഷനുകളിൽ ഡോ. വി.എം. സാഫിർ, ഡോ. നിഷാദ്, വി.എം. വാഹിദ ഹുസൈൻ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ഡോ. താഹ മതീൻ ഉദ്ഘാടനം ചെയ്തു. പി.ടി.പി സാജിത, കെ.ടി. നസീമ, പി. റുക്സാന, പി.വി. റഹ്മാബി, സി.ടി. സുഹൈബ്, മെഹ്നാസ് അഷ്ഫാഖ്, അഫ്ര ശിഹാബ്, അഡ്വ. അബ്ദുൽ വാഹിദ്, എം. സാഹിറ എന്നിവർ സംസാരിച്ചു. ബിസിനസ് സമ്മിറ്റിന്റെ ഭാഗമായി വിവിധ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു. അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

