പ്രഫ. എം.കെ. സാനു അന്തരിച്ചു
text_fieldsകൊച്ചി: അക്ഷരങ്ങളുടെയും വാക്കുകളുടെയും സ്നേഹഭാജനമായി ആറു പതിറ്റാണ്ടിലേറെ മലയാളത്തിന്‍റെ സാഹിത്യ, സാംസ്കാരിക വേദികളിൽ നിറഞ്ഞുനിന്ന പ്രഫ. എം.കെ. സാനുവിന് (98) വിട. സാഹിത്യവിമർശകനും എഴുത്തുകാരനും അധ്യാപകനും ചിന്തകനുമായ ‘സാനു മാഷ്’ ശനിയാഴ്ച വൈകീട്ട് 5.45നാണ് അന്തരിച്ചത്. വീട്ടിൽ വീണ് ഇടുപ്പെല്ല് പൊട്ടിയതിനെത്തുടർന്ന് ഒരാഴ്ച മുമ്പാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പുറമെ ന്യുമോണിയ, ശ്വാസതടസ്സം, പ്രമേഹം എന്നിവയും അലട്ടിയിരുന്നു. ഞായറാഴ്ച രാവിലെ എട്ടോടെ എറണാകുളം കാരിക്കാമുറിയിലെ വസതിയായ ‘സന്ധ്യ’യിൽ എത്തിക്കും. 10 വരെ വസതിയിലും തുടർന്ന് എറണാകുളം ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം പൂർണ ഔേദ്യാഗിക ബഹുമതികളോടെ ഞായറാഴ്ച വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ.
ആലപ്പുഴ തുമ്പോളി മംഗലത്തുവീട്ടിൽ എം.സി. കേശവന്‍റെയും പി.കെ. ഭവാനിയമ്മയുടെയും മകനായി 1928 ഒക്ടോബർ 27നാണ് ജനനം. ആലപ്പുഴ ലിയോ തേർട്ടീൻത് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1947ൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഇന്‍റർമീഡിയറ്റ് പാസ്സായി. 19ാം വയസ്സിൽ യു.പി സ്കൂൾ അധ്യാപകനായെങ്കിലും രണ്ടുവർഷത്തിനുശേഷം ആലപ്പുഴ എസ്.ഡി കോളജിൽ ബി.എസ്സി സുവോളജിക്ക് ചേർന്നു. ഒറ്റക്ക് മത്സരിച്ച് കോളജ് യൂനിയൻ ചെയർമാനായി. ബിരുദ പഠനത്തിനുശേഷം 1950ൽ നെയ്യാറ്റിൻകര നെല്ലിമൂട് ഹൈസ്കൂളിൽ സയൻസ് അധ്യാപകനും പിന്നീട് ആലപ്പുഴ എസ്.ഡി.വി സ്കൂളിൽ അധ്യാപകനുമായ സാനു, ഒരുവർഷം കഴിഞ്ഞ് തുടർപഠനത്തിന് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ എത്തി.
1955ൽ എം.എ മലയാളം പാസ്സായതോടെ കൊല്ലം എസ്.എൻ കോളജിൽ ലക്ചററായി. 1956ലാണ് സർക്കാർ സർവിസിലെത്തിയത്. ഒരുവർഷം വീതം നാട്ടകത്തും തലശ്ശേരി ബ്രണ്ണൻ കോളജിലും കാൽനൂറ്റാണ്ട് കാലം എറണാകുളം മഹാരാജാസ് കോളജിലും അധ്യാപകനായിരുന്നു. 1983ൽ വിരമിച്ചു.കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതിയംഗം, കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ശ്രീനാരായണ കൾചറൽ മിഷൻ ജനറൽ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി അംഗം, പുരോഗമന കലാസാഹിത്യ സംഘം പ്രസിഡൻറ്, ശ്രീനാരായണ സ്റ്റഡി സെന്‍റർ ഓണററി ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1958ൽ പ്രസിദ്ധീകരിച്ച അഞ്ച് ശാസ്ത്രനായകന്മാർ ആണ് ആദ്യ പുസ്തകം.
കാറ്റും വെളിച്ചവും, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ചക്രവാളം, പ്രഭാതദർശനം, ഇവർ ലോകത്തെ സ്നേഹിച്ചവർ, മൃത്യുഞ്ജയം കാവ്യജീവിതം, ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, ഉറങ്ങാത്ത മനീഷി, അശാന്തിയിൽനിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര, രാജവീഥി, അനുഭൂതിയുടെ നിറങ്ങൾ, അസ്തമിക്കാത്ത വെളിച്ചം, സഹോദരൻ കെ. അയ്യപ്പൻ, നാരായണ ഗുരുസ്വാമി എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ് (1981), കേരള സാഹിത്യ അക്കാദമി അവാർഡ് (1985), വയലാർ അവാർഡ് (1992) സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2002), സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2010), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2011), എഴുത്തച്ഛൻ പുരസ്കാരം (2013) എന്നിവ ലഭിച്ചിട്ടുണ്ട്. 1987ൽ എറണാകുളം നിയമസഭ മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫ് സ്വതന്ത്രനായി നിയമസഭാംഗമായി. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി നാൽപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കർമഗതി ആണ് ആത്മകഥ.
ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: എം.എസ്. രഞ്ജിത്ത് (റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാനിക് എൻജിനീയർ കൊച്ചിൻ പോർട്ട്), എം.എസ്. രേഖ, ഡോ. എം.എസ്. ഗീത (റിട്ട. ഹിന്ദി വിഭാഗം മേധാവി, സെന്‍റ് പോൾസ് കോളജ്), എം.എസ്. സീത (സാമൂഹികക്ഷേമ, വനിത ശിശുക്ഷേമ വകുപ്പ്), എം.എസ്. ഹാരിസ് (എൻജിനീയർ, ദുബൈ). മരുമക്കൾ: സി.വി. മായ, സി.കെ. കൃഷ്ണൻ (ഇന്ത്യൻ അലുമിനിയം കമ്പനി), പി.വി. ജ്യോതി (റിട്ട. മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി), ഡോ. പ്രശാന്ത് കുമാർ (റിട്ട. ഇംഗ്ലീഷ് വിഭാഗം മേധാവി, കാലടി ശങ്കര യൂനിവേഴ്സിറ്റി), മിനി (ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

