അഫിലിയേഷന്‍ ഇല്ലാത്ത കോഴ്സുകളുടെ ഉദ്ഘാടനത്തിന് വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: സര്‍വകലാശാല അഫിലിയേഷന്‍ നല്‍കാത്ത കോഴ്സിലേക്ക് പ്രവേശം നല്‍കി തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ് (സി.ഇ.ടി) വിദ്യാര്‍ഥികളെ വട്ടംചുറ്റിക്കുന്നു. ഈ വര്‍ഷം പുതുതായി തുടങ്ങിയ രണ്ട് എം.ടെക് കോഴ്സുകളാണ് എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല അംഗീകരിക്കാഞ്ഞത്. ഇതുകാരണം ഡിസംബറില്‍ നടക്കുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷനും ലഭിച്ചിട്ടില്ല. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠന വകുപ്പിന് കീഴില്‍ തുടങ്ങിയ മാനുഫാക്ചറിങ് ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്സിനും മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നീ പഠനവിഭാഗങ്ങള്‍ക്ക് കീഴില്‍ സംയുക്തമായി തുടങ്ങിയ റോബോട്ടിക് ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്സിനുമാണ് അഫിലിയേഷന്‍ ലഭിക്കാത്തത്.
ആഗസ്റ്റില്‍ ക്ളാസ് തുടങ്ങിയ രണ്ട് കോഴ്സുകളുടെയും ഒൗപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച സി.ഇ.ടിയില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. അഫിലിയേഷന്‍ ലഭിക്കാത്ത പ്രശ്നം കോളജ് അധികൃതരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും മന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുമില്ല.
സമയബന്ധിതമായി സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതാണ് അഫിലിയേഷന് തടസ്സമായത്. സുപ്രീംകോടതി വിധി പ്രകാരം കോഴ്സുകള്‍ക്കുള്ള അംഗീകാരം സര്‍ക്കാറും സര്‍വകലാശാലയും മേയ് 15നകം നല്‍കണം. അംഗീകാര നടപടിയില്‍ അപ്പീല്‍ ഉണ്ടെങ്കില്‍ മേയ് 30നകം തീര്‍പ്പാക്കി ഉത്തരവ് നല്‍കണം. ഇതിനു ശേഷം കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പാടില്ല. ഈ കോഴ്സുകള്‍ക്ക് ഏപ്രിലില്‍തന്നെ എ.ഐ.സി.ടി.ഇ അംഗീകാരം നല്‍കി. എന്നാല്‍, സര്‍ക്കാര്‍ അംഗീകാരം വൈകി. ജൂണ്‍ 21നും 25നുമാണ് രണ്ട് കോഴ്സുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന സാങ്കേതിക സര്‍വകലാശാല സര്‍ക്കാര്‍ അനുമതിയില്ലാത്തതുകാരണം അഫിലിയേഷന്‍ നല്‍കിയതുമില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഫിലിയേഷന്‍ നല്‍കാന്‍ തടസ്സമുണ്ടെന്ന് സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. പത്മകുമാര്‍ അറിയിച്ചു.
അനുമതി വൈകി ലഭിച്ചതിനാല്‍ അഫിലിയേഷന്‍ കാര്യത്തില്‍ കോടതിയുടെ അനുമതി തേടണമെന്ന് സര്‍വകലാശാല സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അംഗമായ സര്‍വകലാശാലയുടെ എക്സിക്യൂട്ടിവ് കൗണ്‍സിലാണ് അഫിലിയേഷന്‍ നല്‍കുന്നത്.
അഫിലിയേഷന്‍ ലഭിക്കാത്ത കോഴ്സുകളിലേക്ക് അലോട്ട്മെന്‍റ് നടത്താന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍തന്നെയാണ് ജൂലൈ ഒന്നിന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതും. രണ്ട് കോഴ്സുകളിലേക്കും 18 വീതം വിദ്യാര്‍ഥികള്‍ക്കാണ് അലോട്ട്മെന്‍റ് നല്‍കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.