നിർമാണസാമഗ്രികൾക്ക് ക്ഷാമം, വിലയേറുന്നു
text_fieldsകൊച്ചി: പ്രളയാനന്തരം പുനർനിർമാണത്തിനൊരുങ്ങുന്ന കേരളത്തിന് നിർമാണസാമഗ്രികളുടെ ലഭ്യതയും വിലക്കയറ്റവും വെല്ലുവിളിയാകും. ക്വാറികളുടെ പ്രവർത്തനത്തിലുള്ള അനിശ്ചിതത്വവും അവസരം മുതലാക്കാനുള്ള സിമൻറ് കമ്പനികളുടെ ആസൂത്രിത നീക്കവുമാണ് പ്രതിസന്ധിക്ക് വഴിയൊരുക്കുന്നത്. സംസ്ഥാനത്തിെൻറ ചില ഭാഗങ്ങളിലെങ്കിലും നിർമാണസാമഗ്രികൾക്ക് ക്ഷാമം നേരിട്ടുതുടങ്ങി.
നിർമാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും ക്രഷർ ഉൽപന്ന ദൗർലഭ്യവും മൂലം ഒരുവർഷത്തിലധികമായി നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. സിമൻറും കമ്പിയും ഉൾപ്പെടെയുള്ളവക്ക് 25 മുതൽ 80 ശതമാനം വരെയാണ് വില വർധിച്ചത്. കേരളത്തിൽ നിർമാണസാമഗ്രികൾക്ക് ആവശ്യം വർധിക്കുകയാണെന്നും വില ഉയരുമെന്നും തമിഴ്നാട്ടിലെ പ്രമുഖ കമ്പനികൾ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
നിലവിൽ പാക്കറ്റിന് 380 മുതൽ 420 രൂപ വരെയാണ് കേരളത്തിൽ സിമൻറ് വില. അതേസമയം, തമിഴ്നാട്ടിൽനിന്നുള്ള സിമൻറ് കർണാടകയിൽ 320 രൂപക്കാണ് വിൽക്കുന്നത്. ഉൽപാദനം കുറച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും വിലക്കയറ്റത്തിന് കളമൊരുക്കുകയുമാണ് തമിഴ്നാട്ടിലെ കമ്പനികളുടെ ലക്ഷ്യം. കേരളത്തിനാവശ്യമായ സിമൻറിെൻറ 20 ശതമാനവും സർക്കാറിെൻറ വൻകിട പദ്ധതികൾക്കാണെന്നിരിക്കെ അവസരം പരമാവധി മുതലാക്കാനാണ് ശ്രമം.
പാരിസ്ഥിതികാനുമതിയുടെ പേരിൽ ഒരുവർഷത്തോളമായി സംസ്ഥാനത്തെ 2500ഒാളം ക്വാറികളുടെ പ്രവർത്തനം നിലച്ചതിനാൽ ആവശ്യമായ ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ 30 ശതമാനം മാത്രമേ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ.
പ്രളയബാധിത പ്രദേശങ്ങളിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്. ഇതുമൂലം ചില പ്രദേശങ്ങളിൽ എം.സാൻഡ്, മെറ്റൽ എന്നിവക്ക് ഒരടിക്ക് രണ്ട് രൂപ വരെ കൂടി. ഒരു ലോഡ് കല്ലിന് 3500 മുതൽ 5000 രൂപ വരെ ഇൗടാക്കുന്നു. എട്ട് എം.എം. കമ്പിക്ക് ഗുണനിലവാരത്തിനനുസരിച്ച് കിലോക്ക് 50 മുതൽ 63 വരെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
