‘ദ കേരള സ്റ്റോറി 2’ കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്
text_fieldsകൊച്ചി: ‘ദ കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹരജി പരിഗണിക്കവേയാണ് വിയോജിപ്പ് അറിച്ച് നിർമാതാവ് വിപുൽ അമൃത് ലാൽ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സിനിമ വിലയിരുത്താൻ കോടതിക്ക് അധികാരമില്ല, സെൻസർ ബോഡിനാണ് അധികരാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വിദഗ്ധർ കണ്ടതിനു ശേഷമാണ് സിനിമക്ക് അനുമതി ലഭിച്ചത്. നടപടികൾ പാലിച്ചാണ് സിനിമ ചിത്രീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. കേരളത്തെ വർഗീയതയുടെ നാടായി ചിത്രീകരിക്കാനാണ് സിനിമയിൽ ശ്രമിക്കുന്നതെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്ന് കേസ് പരിഗണിക്കവേ കോടതിയും വ്യക്തമാക്കിയിരുന്നു. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമക്ക് ‘കേരള സ്റ്റോറി 2’ എന്ന് പേരിട്ടത് ബോധപൂർവമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് ഹരജിയിൽ ആരോപിക്കുന്നത്. സിനിമ പോലുള്ള കലാസൃഷ്ടികളിൽ സാധാരണ ഇടപെടാറില്ലെന്ന് അഭിപ്രായപ്പെട്ട കോടതി പ്രഥമദൃഷ്ട്യാ ഹരജിക്കാരൻ പറയുന്നതിൽ കാര്യമുണ്ടെന്ന് വിലയിരുത്തി. ടീസറും ട്രെയിലറും പ്രകോപനപരമാണെന്നും ഹരജിക്കാരൻ വാദിച്ചു. ടീസറിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെന്നായിരുന്നു മറുപടി.
‘കേരള സ്റ്റോറി 2’ കാണുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് സിനിമ കണ്ടേക്കില്ലെന്നാണ് വിവരം. കേരള സ്റ്റോറി എന്ന പേരാണ് ചിത്രം കാണാനുള്ള കാരണമെന്ന് ഹൈകോടതി വ്യക്തമാക്കി. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകും. ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് നിർമാതാക്കൾ വ്യക്തമാക്കണം. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

