അപ്രതീക്ഷിത പ്രതിഷേധത്തിൽ അമ്പരന്ന് ലീഗ്
text_fieldsമലപ്പുറം: സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിറകെ നേതൃത്വത്തെ അമ്പരപ്പിച്ച് സ്ഥാനാർഥികൾക്കെതിരെ വിവിധ മണ്ഡലങ്ങളിൽനിന്ന് മുസ്ലിം ലീഗ് അണികളുടെ പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന് തിരൂരങ്ങാടി സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ആറ് നഗരസഭ കൗൺസിലർമാരും മുനിസിപ്പൽ ഭാരവാഹികളും അടക്കം 200ലധികം പ്രവർത്തകർ പാണക്കാട്ടെത്തിയത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. ഇതിനു പുറമെ, എടപ്പാളിലും കോഴിക്കോട് സൗത്തിലും പാർട്ടി സ്ഥാനാർഥികൾക്കെതിരെ അണികളിൽ നിന്ന് പ്രതിഷേധമുയർന്നു.
കൊടുവള്ളിയിൽ ഡോ. എം.കെ. മുനീറിനെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽനിന്നുള്ള ഒരു വിഭാഗം പ്രവർത്തകർ വെള്ളിയാഴ്ച മുനീറിെൻറ വീടിനു മുന്നിൽ പ്രകടനം നടത്തിയിരുന്നൂ.സംസ്ഥാന നേതൃത്വം ഇടപെട്ടാണ് മുനീറിനെതിരായ പ്രതിഷേധത്തിന് താൽക്കാലികമായി തടയിട്ടത്. പട്ടാമ്പി, മങ്കട, കളമശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിനെതിരെയും എതിർപ്പുയർന്നിട്ടുണ്ട്. അപ്രതീക്ഷിതമായി പ്രതിഷേധങ്ങളുയർന്നതോടെ പാണക്കാട്ട് ഹൈദരലി തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ ലീഗ് നേതൃത്വം തിരക്കിട്ട കൂടിയാലോചനകൾ നടത്തി.
ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ട്രഷറർ റഫീഖ് പാറക്കലിെൻറ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പാണക്കാട്ടെത്തിയ സംഘം, പി.എം.എ. സലാമിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകുന്നേരത്തിനകം തീരുമാനം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇവർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
മുതിർന്ന നേതാവ് സി.പി. ബാവ ഹാജിയെ തഴഞ്ഞതിലാണ് എടപ്പാളിൽ അണികൾ പരസ്യമായി രംഗത്തുവന്നത്. മങ്കടയിൽനിന്ന് ഒഴിവാക്കപ്പെട്ട അഹമ്മദ് കബീറിനു വേണ്ടിയാണ് കളമശ്ശേരിയിലെ പ്രതിഷേധം. ഇബ്രാഹിം കുഞ്ഞിെൻറ മകന് സീറ്റ് നൽകിയതാണ് കാരണമായി പറയുന്നതെങ്കിലും കബീറിന് സീറ്റ് നൽകാത്തതാണ് വിഷയം. രണ്ട് ഗ്രൂപ് സജീവമായ കളമശ്ശേരിയിൽ ഒരുവിഭാഗം അഹമ്മദ് കബീറിെൻറ കളമശ്ശേരിയിലെ വീട്ടിൽ യോഗം ചേർന്ന് സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ തവണ ഗുരുവായൂർ സ്ഥാനാർഥിയായിരുന്ന അശ്റഫ് കോക്കൂർ സ്വതന്ത്രനായി പൊന്നാനിയിൽ മത്സരിക്കാനൊരുങ്ങുകയാണെന്നും വാർത്തയുണ്ട്. പട്ടാമ്പിയിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദിനെ തഴഞ്ഞതിലാണ് ലീഗണികൾക്ക് പ്രതിഷേധം. പട്ടാമ്പി മണ്ഡലത്തിൽ പോസ്റ്റർ പതിച്ചും സമൂഹമാധ്യമങ്ങൾ വഴിയും അണികൾ എതിർപ്പ് പ്രകടിപ്പിച്ചു.
അഡ്വ. നൂർബീന റഷീദിനെ സ്ഥാനാർഥിത്വത്തിനെതിരെ കോഴിക്കോട് സൗത്തിൽ ശനിയാഴ്ച രാവിലെ മണ്ഡലം കമ്മിറ്റി ലീഗ് സെൻററിൽ അടിയന്തര യോഗം വിളിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാന നേതാക്കൾ പ്രാദേശിക ഭാരവാഹികളുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഒതുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

