മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഫയലുകള്‍ ഇഴഞ്ഞുനീങ്ങുന്നു
text_fieldsതിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്നും അവ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ജീവനക്കാരെ ഓര്‍മപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഓഫിസില്‍ ഫയലുകള്‍ ഇഴഞ്ഞുനീങ്ങുന്നെന്ന് ആക്ഷേപം. ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളിലേതുള്‍പ്പെടെ സുപ്രധാന ഫയലുകളാണ് വൈകുന്നത്.
ഒരുമാസത്തിലേറെ ഓഫിസില്‍ കെട്ടിക്കിടന്ന ഒട്ടേറെ ഫയലുകള്‍ വിവിധ വകുപ്പുകളിലേക്ക് തിരിച്ചയച്ചതായും പറയുന്നു. അതേസമയം, കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്‍െറ വിശദീകരണം. ഓരോ ഫയലും പഠിച്ച ശേഷമാണ് മുഖ്യമന്ത്രി ഒപ്പിടുന്നത്. അതിനുണ്ടാകുന്ന സ്വാഭാവിക കാലതാമസമാണ് ഉള്ളതെന്നും അധികൃതര്‍ പറയുന്നു. എന്തിന്‍െറ പേരിലായാലും ഫയലുകള്‍ വൈകുന്നത് ഭരണമാന്ദ്യത്തിന് കാരണമാകുന്നെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തരവകുപ്പില്‍ അടുത്തിടെ ഇറങ്ങിയ സ്ഥലംമാറ്റമുള്‍പ്പെടെയുള്ളവയുടെ ഫയലുകള്‍ മാസങ്ങളോളം മുഖ്യമന്ത്രിയുടെ ഓഫിസില്‍ കെട്ടിക്കിടന്നത്രെ. റിപ്പബ്ളിക് ദിനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന രാഷ്ട്രപതിയുടെ മെഡലിനുള്ള പട്ടിക കേന്ദ്രത്തിന് കൈമാറുന്നതിലും കാലതാമസമുണ്ടായതായാണ് വിവരം. എന്നാല്‍, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉള്‍പ്പെടെയുള്ളവര്‍ ഇതു നിഷേധിക്കുന്നു. മുഖ്യമന്ത്രിയുമായുള്ള ‘കമ്യൂണിക്കേഷന്‍ ഗ്യാപ്’ സ്ഥിതിഗതികള്‍ വഷളാക്കുന്നതായി ഐ.എ.എസ് ഉന്നതന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റുമന്ത്രിമാരില്‍ പലര്‍ക്കും ഫയല്‍നീക്കം സംബന്ധിച്ച നടപടിക്രമങ്ങള്‍ പോലും ഇപ്പോഴും വശമില്ലത്രെ. ഇതു പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നതായും ഉദ്യോഗസ്ഥന്‍ പറയുന്നു.
വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എഴുതുന്ന ഫയലുകള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ നളിനി നെറ്റോ തിരുത്തുന്നതിനോടും ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ക്ക് പിന്തുണ നല്‍കുന്ന നളിനി നെറ്റോയുടെ സമീപനത്തില്‍ ഒരുവിഭാഗത്തിന് നീരസമാണ്. മുഖ്യമന്ത്രി പെന്‍സില്‍കൊണ്ട് ഫയല്‍ എഴുതുകയും അതു നളിനി നെറ്റോ വായിച്ച ശേഷം തിരുത്തുകയും ചെയ്യുന്ന രീതിയെയും വിമര്‍ശിക്കുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരും വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസും തമ്മിലെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി നളിനി നെറ്റോയുടെ ഉപദേശമാണ് തേടിയത്. ഇതാണ് മുഖ്യമന്ത്രി ഏകപക്ഷീയ തീരുമാനം കൈക്കൊള്ളാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
