ടൂറിസം മേഖലയിലെ ഏതുപ്രശ്നത്തിനും ഉടൻ പരിഹാരം -മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: കോവിഡിന് ശേഷം കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശ സഞ്ചാരികളുടെ വരവ് വരുന്ന സീസണിലും നിലനിര്‍ത്താനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയിലെ ഏതു പ്രശ്നത്തിനും സര്‍ക്കാര്‍ ഉടൻ പരിഹാരം കാണും.
ടൂറിസം മേഖലയിലെ വിവിധ പ്രതിനിധികള്‍ പങ്കെടുത്ത ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വെല്ലുവിളികൾ എങ്ങനെ നേരിടാമെന്ന് എല്ലാവരും ഒരുമിച്ച് ചിന്തിക്കണം. ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കും. ജൂണിനുമുമ്പ് വീണ്ടും ഉപദേശക സമിതി യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യപ്രശ്നം, വിദേശ വിനോദ സഞ്ചാരികള്‍ക്കെതിരായ അക്രമം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹൗസ്ബോട്ട് മേഖല നേരിടുന്ന പ്രതിസന്ധി, കേരളത്തിലേക്കും തിരിച്ചും വിദേശ സഞ്ചാരികള്‍ക്കായുള്ള വിമാന യാത്രാ പാക്കേജുകള്‍ ആകര്‍ഷകമാക്കുക തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ഉന്നയിച്ചു.
ടൂറിസം മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുമെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് എന്നിവർ അറിയിച്ചു. ടൂര്‍ ഓപറേറ്റര്‍മാര്‍, ഹൗസ് ബോട്ട് ഉടമകള്‍, ഹോംസ്റ്റേ ഉടമകള്‍, മേഖലയിലെ മറ്റു പങ്കാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

