ആനയെ കയറ്റിയ ലോറി വൈദ്യുതി ലൈനിൽ തട്ടിയ സംഭവം; അന്വേഷണം നടത്തും
text_fieldsകുങ്കിയാനയെ കയറ്റിയ ലോറി ചാർജുള്ള വൈദ്യുതി ലൈനിൽ തട്ടിയ സംഭവത്തിന്റെ ‘മാധ്യമം’ വാർത്ത
പേരാവൂർ: ആറളം ഫാമിൽ കുങ്കിയാനയെ കയറ്റിയ ലോറി ചാർജ്ജുള്ള വൈദ്യുതി ലൈനിൽ തട്ടിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് വൈദ്യുതി മന്ത്രി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ഫാമിൽ മയക്കു വെടിയേറ്റ മോഴയാനയെ വരുതിയിലാക്കാൻ രണ്ട് ലോറികളിലായി കൊണ്ടുപോവുകയായിരുന്നു കുങ്കി ആനകളാണ് വൈദ്യുതി ലൈനിൽ തട്ടിയത്. ആന തട്ടിയപ്പോൾ ലൈനുകൾ കൂട്ടിയിടിത്ത് വലിയ സ്പാർക്ക് ഉണ്ടായി.
ലൈൻ കമ്പി പൊട്ടി വീഴുകയും ചെയ്തു. ആനയ്ക്ക് പുറമെ ഇരു ലോറികളിലുമായി ഡ്രൈവറും ആനയുടെ സഹായികളുമായി ആറുപേർ ഉണ്ടായിരുന്നു. വലിയ അപകടമാണ് ഒഴിവായത്. ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ ഈ വിഷയം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ് ഉന്നയിച്ചത്. പത്ര മാധ്യമങ്ങളിലൂടെയാണ് ഈ സംഭവം അറിയുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
കുങ്കിയാനകളുമായി വാഹനം കടന്നുപോകുന്ന വഴിയിൽ വൈദ്യുതി ലൈൻ ഓഫ് ആക്കാൻ വനം വകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ന് തന്നെ റിപ്പോർട്ട് നൽകാൻ വൈദ്യുത വകുപ്പ് മന്ത്രി യോഗത്തിൽ ഉണ്ടായിരുന്ന ഉദ്ധ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ലൈൻ ഓഫാക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഓഫാക്കാതിരുന്നതാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

