കോവിഡ് ബാധിതെൻറ മരണം അഞ്ചംഗ സമിതി അന്വേഷിക്കും
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): ഗവ. മെഡിക്കൽ കോളജിൽ പരിചരണത്തിൽ അപര്യാപ്തത നേരിടുന്നതായി വാട്സ്ആപ് വഴി പരാതി പറഞ്ഞ വൃക്കരോഗിയായ കോവിഡ് ബാധിതെൻറ മരണവുമായി ബന്ധപ്പെട്ട വിഷയം അഞ്ചംഗ സമിതി അന്വേഷിക്കും. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
നടുവിൽക്കര വടക്കുമുറി പയ്യോർമാടിൽ താമസിക്കുന്ന നകുലനാണ് (39) മരിച്ചത്. 12 വർഷമായി മെഡിക്കൽ കോളജിൽ ഡയാലിസിസിന് വിധേയനാകുന്നയാളാണ് നകുലൻ. ദിവസങ്ങൾക്കുമുമ്പ് ഡയാലിസിസിന് എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഹൃദയത്തിനും വൃക്കക്കും രോഗമുള്ളയാളാണെന്ന് പറഞ്ഞിട്ടും വരാന്തയിൽ കിടത്തിയെന്നും മരുന്നും വെള്ളവും ഭക്ഷണവും കൃത്യമായി കിട്ടിയില്ലെന്നും പറഞ്ഞ് നകുലൻ വാട്സ്ആപ് ഗ്രൂപ്പിൽ രണ്ടുതവണ വിഡിയോ പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച നകുലൻ മരിച്ചു. ബന്ധുക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം.അതേസമയം, അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വാർത്താകുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച കോവിഡ് സ്ഥിരീകരിക്കുകയും ഒമ്പതാം വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വാർഡിൽ കിടക്ക അനുവദിക്കുകയും അന്നുതന്നെ ഡയാലിസിസ് നടത്തുകയും ചെയ്തു. നകുലന് ഓക്സിജൻ ആവശ്യമില്ലാതിരുന്നതിനാലും ഓക്സിജൻ അടിയന്തരമായി ആവശ്യമുള്ള മറ്റൊരു രോഗി വന്നതിനാലും തിങ്കളാഴ്ച രാവിലെ എട്ടാം വാർഡിലേക്ക് മാറ്റി.
അവിെട കിടക്ക കിട്ടിയില്ലെന്ന് പരാതി പറഞ്ഞപ്പോൾ അതേ വാർഡിൽ പ്രത്യേക മുറി സജ്ജീകരിച്ച് കിടക്ക അനുവദിച്ചു. കോവിഡ് രോഗികൾക്കായി പ്രത്യേകം സജ്ജീകരിച്ച ഡയാലിസിസ് യൂനിറ്റിലാണ് നകുലന് രണ്ട് ഡയാലിസിസും നടത്തിയത്. ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ സൗജന്യമായി നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വിഷയത്തിൽ മെഡിക്കൽ കോളജ് സമിതിയുടെ അന്വേഷണ റിപ്പോർട്ട് കലക്ടർക്കും തനിക്കും ലഭിച്ചശേഷം കലക്ടർ നിർദേശിക്കുന്ന പക്ഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.ജെ. റീന 'മാധ്യമ'ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.