വ്യാജ സീലുകള്‍ കണ്ടത്തെി; ജലനിധി ഓഫിസില്‍നിന്ന് തട്ടിയെടുത്തത് ആറുകോടി
text_fieldsമലപ്പുറം: ജലനിധി ജില്ല ഓഫിസില്‍നിന്ന് നാലുവര്‍ഷത്തിനിടെ അക്കൗണ്ടന്‍റ് പ്രവീണ്‍കുമാര്‍ തട്ടിയെടുത്തത് ആറുകോടി രൂപ. ജലനിധി സാമ്പത്തികകാര്യ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഈ കണ്ടത്തെല്‍. അഞ്ചുപേരടങ്ങുന്ന സംഘം മറ്റ് രേഖകളും പരിശോധിച്ച് വരികയാണ്. ജലനിധി റീജനല്‍ പ്രോജക്റ്റ് ഡയറക്ടര്‍ കെ.വി.എം. അബ്ദുല്‍ ലത്തീഫ് ബാങ്കില്‍ നല്‍കാനായി ഒപ്പിട്ട് നല്‍കുന്ന കത്ത് മാറ്റി സ്വന്തം അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് ബാങ്കില്‍ നല്‍കിയായിരുന്നു തട്ടിപ്പ്.
2012 മുതലുള്ള ഇടപാടുകളില്‍ കൃത്രിമം നടന്നതായും ആറുകോടി തട്ടിയെടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞു. പ്രവീണ്‍കുമാര്‍ തയാറാക്കുന്ന കത്തില്‍ സ്വയം ഒപ്പിട്ട് സീല്‍ വെച്ച് ബാങ്കില്‍ നല്‍കുകയായിരുന്നു പതിവ്. ഇതിനായി ഉപയോഗിച്ച സീലുകള്‍ ഓഫിസില്‍ നിന്ന് കണ്ടത്തെി. പഞ്ചായത്തുകള്‍ വെട്ടിപ്പറിയാതിരിക്കാന്‍ ഇല്ലാത്ത വര്‍ക്കിന്‍െറ പേരില്‍ അവര്‍ക്ക് പ്രവീണ്‍കുമാര്‍ ചെക്ക് നല്‍കിയിരുന്നതായും തെളിഞ്ഞു. മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. മലപ്പുറം സി.ഐ പ്രേംജിത്തിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം.
ബാങ്കിങ് തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ജലനിധി ഓഫിസില്‍ ക്രമക്കേട് കണ്ടത്തെിയത്. തുടര്‍ന്ന് ഈ മാസം മൂന്നിന് മലപ്പുറം പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് പ്രവീണ്‍കുമാര്‍ മുങ്ങിയത്. 2012 മുതല്‍ കരാറടിസ്ഥാനത്തില്‍ ഇയാള്‍ മലപ്പുറം ജലനിധി ഓഫിസില്‍ അക്കൗണ്ടന്‍റായി ജോലിയിലുണ്ട്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലേക്ക് മലപ്പുറം ജലനിധി റീജനല്‍ ഓഫിസില്‍നിന്ന് ഫണ്ട് കൈമാറുന്നുണ്ട്. ഇതാണ് തട്ടിപ്പ് പുറത്തറിയാന്‍ സമയമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.