ഫലസ്തീൻ അനുകൂല പ്രകടനം; വിദ്യാർഥിനികൾക്കെതിരെ കേസ്
text_fieldsമാടായിപ്പാറയിൽ ജി.ഐ.ഒ പ്രവർത്തകർ നടത്തിയ ഫലസ്തീൻ അനുകൂല പ്രകടനം
പഴയങ്ങാടി: മാടായിപ്പാറയിൽ ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടാണ് മാടായിപ്പാറയിൽ ഫലസ്തീൻ അനുകൂലവും ഇസ്രായേൽ വിരുദ്ധവുമായ മുദ്രാവാക്യങ്ങളുയർത്തി വിദ്യാർഥികൾ പ്രകടനം നടത്തിയത്.
എന്നാൽ, ശനിയാഴ്ച രാവിലെയാണ് പൊലീസ്, പ്രകടനത്തിന് നേതൃത്വം നൽകി എന്നതിന്റെ പേരിൽ അഫ്റ ശിഹാബിനെയും പ്രകടനത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 29 പേർക്കെതിരെയും കേസെടുത്തത്. ഇംഗ്ലീഷ് ഭാഷയിൽ ‘ഫ്രീ ഫ്രീ ഫ്രീ ഫലസ്തീൻ, ഒക്യുപേഷൻ നോ മോർ, ഇസ്രാഈൽ ഈസ് ദ ടെററിസ്റ്റ്’ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രകടനം.
30 ഓളം പ്രവർത്തകർ സമൂഹത്തിൽ സ്പർധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതായും ആയതിൽ വിവിധ സംഘടനകളിലെ ആളുകൾക്ക് എതിർപ്പുള്ളതായും വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് സ്വമേധയാ കേസെടുത്ത പൊലീസ് എഫ്.ഐ.ആറിൽ നൽകിയ വിവരം.
എന്നാൽ, ആർക്കാണ് എതിർപ്പെന്നോ എന്താണ് സ്പർധയുണ്ടാക്കുന്ന മുദ്രാവാക്യമെന്നോ എഫ്.ഐ.ആറിലില്ല. പാരിസ്ഥിതിക പ്രാധാന്യവും ഹൈകോടതിയുടെ പരിസ്ഥിതി സംരക്ഷണ ഉത്തരവുള്ളതുമായ മേഖലയിൽ പ്രകടനം നടത്തിയതായും എഫ്.ഐ.ആറിൽ രേഖപ്പെടുത്തി ഭാരതീയ ന്യായ സംഹിത 189 (2), 191 (2), 192, 190 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

